
കൊച്ചി: പെട്രോള്‍, ഡീസല്‍, സി.എന്‍.ജി. വില കൂട്ടിയതോടെ സാധാരണക്കാരുടെ ജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റത്തിനു കളമൊരുങ്ങി. പുതിയ സര്‍ക്കാരിനു മുന്നില്‍ ഇന്ധനവില വര്‍ധന വലിയ വെല്ലുവിളിയാകും. സംസ്ഥാനം ഇന്ധന സെസ് കുറച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു. ഇതു സംബന്ധിച്ചു ചര്‍ച്ച നടക്കുമെന്നാണു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് നല്കുന്ന സൂചന.
അടുത്ത മാസം പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള പോംവഴികള്‍ ബജറ്റില്‍ ഇല്ലെങ്കില്‍ പ്രതിപക്ഷ പ്രതിഷേധത്തിനും ജനരോഷത്തിനും ഇടയാകും. ആദ്യ ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്ന കൂട്ടത്തില്‍ ഇന്ധന സെസ് കുറയുമോ എന്നും സമൂഹം ഉറ്റുനോക്കുന്നുണ്ട്.
വിലക്കയറ്റത്തിനു കാരണമാകുന്നതു ഡീസല്‍ വിലയിലെ വര്‍ധനയാണ്. ഡീസല്‍ ഉപയോഗിക്കുന്നതുമൂലം ചരക്കുകടത്തു കൂലിയില്‍ വര്‍ധന ഉറപ്പാണ്. ഇത് ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തപ്പെടുന്നതോടെ അവശ്യസാധനസാമഗ്രികളുടെ വില കൂടും. ടാക്സി- സ്വകാര്യ ബസ്- ഓട്ടോ- ലോറി ഉടമകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടു കഴിഞ്ഞു. പണപ്പെരുപ്പത്തിനും വിപണിമാന്ദ്യത്തിനും ഉത്പാദന-നിര്‍മാണ മേഖലകളിലെ നിശ്ചലാവസ്ഥയ്ക്കും വിലവര്‍ധന ഇടയാക്കും. കാര്‍ഷിക മേഖലയിലും പ്രഹരമാകും. വില വര്‍ധന നിത്യോപയോഗ സാധനങ്ങളിലുമുണ്ടാകും. ഇതര സംസ്ഥാനത്തുനിന്നു കൊണ്ടുവരുന്ന അരി, ഉള്ളി, ഗോതമ്പ്, ധാന്യവര്‍ഗങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, പാല് എന്നിവയ്ക്കെല്ലാം വില ഉയരും. നിലവില്‍ ഗാര്‍ഹിക പാചകവാതക വിലയും ഉയരങ്ങളിലാണ്. ഇനിയും വില കൂടുമെന്നാണു സൂചന.
അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 3000 രൂപയോളമായി ഉയര്‍ത്തിയത് ഹോട്ടല്‍ ഭക്ഷണ വില വര്‍ധിക്കാനും ഹോട്ടലുകള്‍ അടച്ചുപൂട്ടാനും ഇടയാക്കിയിട്ടുണ്ട്. ഇന്ധന വിലവര്‍ധനയുടെ ആഘാതം നേരിട്ട് അടുക്കളയിലേക്ക് എത്തിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിലക്കയറ്റത്തോത് 10 ശതമാനമാണ്. ഒരു വര്‍ഷമായി വിലക്കയറ്റത്തോതില്‍ രാജ്യത്ത് ഒന്നാമതാണ് കേരളം.
ബൈജു ഭാസി






