
തൃശൂര്‍: കാവിരാഷ്ട്രീയത്തില്‍ മറ്റേതു നേതാവിനേക്കാളും മാറ്റ് കൂടുതലായിരുന്നു എല്‍.കെ. അദ്വാനിക്ക്. പാര്‍ട്ടിയെ വളര്‍ത്തി അധികാരത്തിലേറാന്‍ പ്രാപ്തമാക്കുന്നതിനായി അദ്ദേഹം മുന്നില്‍നിന്നുതന്നെ നയിച്ചു.
അധികാരം കിട്ടിയപ്പോള്‍ എ.ബി. വാജ്പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രി പദം വരെ എത്തുകയും ചെയ്തു. എന്നാല്‍ വാജ്പേയിക്കുശേഷം സ്വപ്നംകണ്ട പ്രധാനമന്ത്രിക്കസേരയില്‍ തന്റെ കണ്മുന്നില് വളര്‍ന്ന നരേന്ദ്രമോദി കയറിയിരിക്കുന്നതാണ് അദ്ദേഹത്തിനു കാണേണ്ടിവന്നത്. എന്നും രണ്ടാമനാകാനായിരുന്നു അദ്വാനിയുടെ വിധി. കരുണാകരന് മന്ത്രിസഭയില്‍ ഇരുപത്തിയാറാം വയസില്‍ മന്ത്രിയായ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ സാഹചര്യവും ഇതുപോലെതന്നെ. കരുണാകരനും ഉമ്മന്‍ചാണ്ടിക്കുമൊപ്പം നിന്ന് പാര്‍ട്ടിയെ വളര്‍ത്തി പല തവണ അധികാരത്തിലെത്തിച്ചെങ്കിലും ഭരണത്തില്‍ ഒന്നാമനാകാന്‍ മാത്രം വിധിയില്ല.
പത്തുവര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പാതിയില്‍ രമേശ് ആഭ്യന്തര മന്ത്രിയായി. അന്നു രണ്ടാമനായിരുന്ന അദ്ദേഹത്തിന് ഇത്തവണ പാര്‍ട്ടി അധികാരത്തിലെത്തുമ്പോഴും വിലപേശലിലൂടെ കൈയകലത്തില്‍ എത്തിനില്‍ക്കുന്നത് ആഭ്യന്തര വകുപ്പ് തന്നെ. ഒപ്പം വളര്‍ന്ന ഉമ്മന്‍ചാണ്ടി വിടപറഞ്ഞശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയുടെ ഉജ്ജ്വല വിജയം. എന്നാല്‍ മുഖ്യമന്ത്രിക്കസേര വലിച്ചിട്ടിരിക്കുന്നത് രമേശിന്റെ കണ്മുന്നില് വളര്‍ന്ന വി.ഡി. സതീശന്. അദ്വാനിയുടെ രാഷ്ട്രീയചരിത്രത്തിന്റെ നേര്‍പകര്‍പ്പ്! ആഭ്യന്തരവും വിജിലന്‍സുമില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്ക് ബലവും പ്രൗഢിയും കുറയുമെന്നറിയാമെങ്കിലും വിട്ടുവീഴ്ചയല്ലാതെ സതീശനു മുന്നിലും വേറെ വഴിയില്ല.
മന്ത്രിസഭയില്‍നിന്നു രമേശ് മാറിനിന്നാല്‍ അത് കല്ലുകടിച്ചുള്ള തുടക്കമാകും. ആഭ്യന്തരമില്ലെങ്കിലും പാര്‍ട്ടിയിലെ കരുത്തരോട് ഏറ്റുമുട്ടി നേടിയ മുഖ്യമന്ത്രിക്കസേര സതീശനു വലിയ നേട്ടമാണ്. എല്ലാ വകുപ്പുകളുടെയും പദ്ധതികള്‍ക്ക് അനുമതി നല്കുന്നതില് നിര്‍ണായകമായ ധനവകുപ്പുകൂടി ഒപ്പം ചേര്‍ന്നാല്‍ ഒരു പരിധിവരെ സതീശനു നഷ്ടം നികത്താം. പോലീസിനു മേലുള്ള നിയന്ത്രണം ആഭ്യന്തര മന്ത്രിക്കാകുമെങ്കിലും ഇന്റലിജന്‍സ് എ.ഡി.ജി.പി ദൈനംദിന റിപ്പോര്‍ട്ട് നല്കേണ്ടതു മുഖ്യമന്ത്രിക്കാണ്.
തലങ്ങും വിലങ്ങുമുള്ള കൂടിയാലോചനകള്‍ക്കിടയില്‍ മഞ്ഞുരുകിയെന്നു പുറമേയ്ക്കു നടിക്കുമ്പോഴും നഷ്ടപ്പെട്ടവര്‍ക്കും നേടിയെടുത്തവര്‍ക്കും ഉള്ളില്‍ അതൊരു വിങ്ങലും ആഹ്ലാദവുമാണ്. ഘടകകക്ഷി-ജനകീയ സമ്മര്‍ദത്തിലൂടെ മുഖ്യമന്ത്രിയായെങ്കിലും ഏകഛത്രാധിപതിയായി വി.ഡി വാഴരുതെന്ന നിബന്ധന എതിര്പക്ഷങ്ങള്ക്കുണ്ട്.
ആഭ്യന്തര വകുപ്പിനായി വിലപേശി മാറിനിന്ന രമേശിന് കെ.സി. വേണുഗോപാലിന്റെ പിന്തുണയും ലഭിച്ചു. മാറ്റിനിര്‍ത്താതെ, രമേശിനെയടക്കം ഉള്‍ക്കൊണ്ടുതന്നെ മുന്നോട്ടുപോകണമെന്ന ഹൈക്കമാന്‍ഡിന്റെ സന്ദേശവും സതീശനു ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കുന്നതുള്‍പ്പെടെയുള്ള നിലപാടിലേക്ക് സതീശന് അയഞ്ഞത്. മന്ത്രിമാരെ നിശ്ചയിക്കുന്നതിനും മന്ത്രിസഭയെ നയിക്കുന്നതിനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം കെ. കരുണാകരനുശേഷം മറ്റൊരു മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡ് വിട്ടുനല്കിയിട്ടില്ല. സംസ്ഥാനങ്ങളില്‍ രൂപപ്പെടുന്ന തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനാണു ഹൈക്കമാന്‍ഡിന് എന്നും താല്പര്യം. അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ സിദ്ധരാമയ്യ-ഡി.കെ. ശിവകുമാര്‍ പോര് ഇതിനുദാഹരണം.
ദേശീയ തലത്തില്‍ യു.പി.എ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായി പ്രതീക്ഷിച്ച പ്രണബ് മുഖര്‍ജിയെ ധനമന്ത്രിയാക്കി ഒതുക്കി, മന്മോഹന് സിങ്ങിനെ അവരോധിച്ചതും ഹൈക്കമാന്‍ഡിന്റെ താല്പര്യമായിരുന്നു. പത്തുവര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റിയാണ് രമേശ് എന്‍.എസ്.എസ് പിന്തുണയോടെ ആ പദവിയിലെത്തിയത്.
ഉമ്മന്‍ ചാണ്ടിയുടെ സന്തതസഹചാരി ജോപ്പന് സോളാര്‍ കേസില്‍ അറസ്റ്റിലായതടക്കം തിരുവഞ്ചൂരിന്റെ സ്ഥാനചലനത്തിനിടയാക്കി. ജനകീയ പരിപാടികളുമായി അലയാന്‍ താല്‍പ്പര്യപ്പെട്ട ഉമ്മന്‍ചാണ്ടിപോലും അന്ന് ആരോപണവിധേയനായിരുന്നു. പുതിയ സാഹചര്യത്തില്‍ സതീശന് ഭയക്കേണ്ടതില്ലെങ്കിലും ജാഗ്രത ഏറെ വേണ്ടിവരും.
ജിനേഷ് പൂനത്ത്






