
തിരുവനന്തപുരം: അധികാരമേല്‍ക്കാനിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പഴയ കാറുകളാകും ഉപയോഗിക്കുക. മുന്‍ മന്ത്രി വി.എന്‍. വാസവന് ഉപയോഗിച്ചിരുന്ന കാറിലാകും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ യാത്ര. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസോ മറ്റ് മന്ത്രി മന്ദിരങ്ങളോ വന്‍തുക ചെലവിട്ട് മോടി പിടിപ്പിക്കില്ലെന്നും, അത്യാവശ്യ അറ്റകുറ്റപ്പണികള്‍ മാത്രം മതിയെന്നും അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തന്റെ യാത്രകള്‍ കാരണം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും റോഡുകള്‍ തടയരുതെന്നും വി.ഡി. സതീശന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പൈലറ്റ്, എസ്കോര്‍ട്ട് വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. എസ്കോര്‍ട്ട് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സതീശന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി പോലീസ് അത് പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ല.
ആദ്യ മന്ത്രിസഭായോഗത്തില്‍ ഇന്ധനവില വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിനായി ഇന്ധനത്തിലൂടെയുള്ള അധിക നികുതി വരുമാനത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ വേണ്ടെന്നുവെച്ചേക്കും. കൂടാതെ, താഴേത്തട്ടിലുള്ള ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനവും ആദ്യ യോഗത്തിലുണ്ടാകും.
ഭരണരംഗത്തെ അഴിമതി തടയാന്‍ പുതിയ 'വിജിലന്‍സ് കമ്മീഷന്' രൂപീകരിക്കുന്നതിനൊപ്പം, 'ഇന്ദിരാ ഗ്യാരണ്ടി'യുടെ ഭാഗമായി കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയും പ്രഖ്യാപിച്ചേക്കും. കൊച്ചിയിലെ ഇന്ദിരാ കാന്റീന് മാതൃകയാക്കി സംസ്ഥാനത്താകെ പാവപ്പെട്ടവര്‍ക്കായി ജനകീയ ഭക്ഷണശാലകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പുതിയ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.






