
വാഷിംഗ്ടണ്‍: ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിച്ചേക്കുമെന്ന ശക്തമായ സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. പശ്ചിമേഷ്യയില്‍ നിലവില്‍ സൈനിക നീക്കങ്ങള്‍ നിലച്ചിരിക്കുന്ന സാഹചര്യത്തെ 'കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനുമേല്‍ വീണ്ടും വ്യോമാക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതായി സൂചിപ്പിക്കുന്ന ഒരു എഐ നിര്‍മ്മിത ചിത്രവും ട്രംപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കൊടുങ്കാറ്റുള്ള കടലില്‍ യുഎസ് നാവികസേനയുടെ കപ്പലില്‍ അഡ്മിറലിനൊപ്പം നില്‍ക്കുന്ന ട്രംപാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തില്‍ മിന്നല്‍പ്പിണരുകളും ഇറാനിയന്‍ കപ്പലുകളും കാണിക്കുന്ന ഈ ചിത്രം പശ്ചിമേഷ്യയിലെ യുദ്ധഭീതി വീണ്ടും വര്‍ദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ എട്ടിന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിരുന്നു. എങ്കിലും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധവും, ഇതിനെതിരെയുള്ള ഇറാന്റെ തിരിച്ചടികളും സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇപ്പോഴും ഇരുപക്ഷത്തിനുമിടയില്‍ പരിഹരിക്കപ്പെടാതെ തുടരുകയാണ്.
മേഖലയില്‍ സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെങ്കിലും ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. തങ്ങള്‍ മുന്നോട്ടുവെച്ച 14 ഇന നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ മറ്റ് ചര്‍ച്ചകള്‍ക്ക് ഫലമുണ്ടാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. പുതിയ ചര്‍ച്ചകള്‍ക്കായി വാഷിങ്ടണില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചതായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചെങ്കിലും, അമേരിക്കയുടെ നീക്കങ്ങളില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.






