
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിലും സിപിഎമ്മിലും അസംതൃപ്തരായ നിരവധി നേതാക്കള്‍ ഉടന്‍ തന്നെ ബിജെപിയിലേക്ക് ചേക്കേറുമെന്ന് ചാത്തന്നൂര്‍ എംഎല്‍എയും ബിജെപി നേതാവുമായ ബി ബി ഗോപകുമാര്‍. കോണ്‍ഗ്രസ് മുന്‍ നിര നേതാവായ രമേശ് ചെന്നിത്തലയെ പോലുള്ളവര്‍ ബിജെപിയില്‍ എത്തില്ലെന്ന് ആര്‍ക്കും ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗ്സ്' അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആം ആദ്മി പാര്‍ട്ടി എംപിമാരും എംഎല്‍എമാരും ബിജെപിയുടെ ഭാഗമായതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ കേരളത്തിലും അസംതൃപ്തരായ ചില എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ഇടത്വലത് നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നത് ഉറപ്പാണെന്നും, ഭാവിയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംസ്ഥാനത്തുണ്ടാകുമെന്നും ബി ബി ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ യുഡിഎഫില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ മുസ്ലിം ലീഗിന്റെ നിലപാടാണ് നിര്‍ണായകമായതെന്ന് അദ്ദേഹം വിമര്‍ശിച്ചു. വി ഡി സതീശനെ മാറ്റുന്നത് സ്വീകാര്യമാണോ എന്ന് ഹൈക്കമാന്‍ഡ് ലീഗിനോട് ചോദിച്ചതായി പറയപ്പെടുന്നുണ്ടെന്നും, ഇവിടെ ആരുടെ അജണ്ടയാണ് നടപ്പിലായതെന്നും അദ്ദേഹം ചോദിച്ചു. ലീഗ് ഭരിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും എന്നാല്‍ അത് ജനാധിപത്യപരമായിരിക്കണമെന്നും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിവരുന്ന നിയമസഭാ സമ്മേളനങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത് ബിജെപിയുടെ ശബ്ദമായിരിക്കുമെന്ന് ചാത്തന്നൂര്‍ എംഎല്‍എ അവകാശപ്പെട്ടു. നിയമസഭയിലെ ബിജെപി എംഎല്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന ശബ്ദമായി മാറും. ബിജെപിയെ ഭരണപ്രതിപക്ഷങ്ങള്‍ ഒരുമിച്ച് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചാലും, നിയമസഭയില്‍ തങ്ങളുടെ മൂന്ന് എംഎല്‍എമാരായിരിക്കും യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ധര്‍മ്മം നിര്‍വഹിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.






