
തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ നേരില്‍ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒമ്പത് പേര് ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ യോഗ്യരായ മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേക വകുപ്പുള്ളതുപോലെ, പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്കായി മാത്രമായി ഒരു പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി വേണമെന്നും മഠം ആവശ്യപ്പെടുന്നു. കേരളത്തിൽ നാൽപ്പത്തിരണ്ടോളം പിന്നാക്ക സമുദായങ്ങളുണ്ടെന്നും ഇവരുടെ സമഗ്രമായ വളർച്ച ഉറപ്പാക്കാൻ ഒരു മന്ത്രിയുടെ സാന്നിധ്യം അനിവാര്യമാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിചേർത്തു.
മന്ത്രിസഭയിൽ മാത്രമല്ല, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിലും പിന്നാക്ക, ദളിത് വിഭാഗങ്ങൾക്ക് കൃത്യമായ പ്രാതിനിധ്യം നൽകണമെന്ന നിലപാട് ശിവഗിരി മഠം നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് വാങ്ങി വിജയിക്കുന്ന പ്രതിനിധികൾ പിന്നീട് ജാതിമത ഭേദമന്യേ വേണം പ്രവർത്തിക്കാൻ. ഏതെങ്കിലും പ്രത്യേക ജാതിക്കോ മതവിഭാഗത്തിനോ മന്ത്രിസഭയിൽ അമിത പ്രാതിനിധ്യം നൽകരുതെന്നും, ജനപ്രതിനിധികളായി വരാൻ സാധിക്കാത്ത പിന്നാക്ക സമുദായങ്ങൾക്ക് മന്ത്രിസഭയിൽ പ്രത്യേക പരിഗണന ഉറപ്പാക്കണമെന്നും മഠം ആവശ്യപ്പെടുന്നു.






