
തൃശൂര്‍ : 1995 ഒക്ടോബര്‍ ഒന്നിന് ശിവഗിരിമഠത്തില്‍ നടന്ന പോലീസ് നരനായാട്ട് തെറിപ്പിച്ചത് എ.കെ. ആന്റണിയുടെ മുഖ്യമന്ത്രിക്കസേര. നരനായാട്ടില്‍ അകന്ന ഈഴവ വോട്ട്ബാങ്ക് തുടര്‍ന്ന് തിരിച്ചെത്തിയില്ല. ഫലം; തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത തോല്‍വി.
മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് യു.ഡി.എഫ് നേതൃത്തിലുള്ള വി.ഡി. സതീശന് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കവേ ആറു മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിയത് ശിവഗിരി മഠാധിപതി. എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുസ്ലിം ലീഗിനെതിരേ വീണ്ടും ആഞ്ഞടിച്ച് രംഗത്തെത്തിയപ്പോള്‍ തന്നെയാണ് മഠാധിപതി സ്വാമി സച്ചിദാനന്ദ നിയുക്ത മുഖ്യമന്ത്രിയെ കണ്ട് അവകാശവാദമുന്നയിച്ചത്. ഇത്തവണ ലീഗിന് അഞ്ച് മന്ത്രിമാരെയാണ് അനുവദിച്ചത്. കോണ്‍ഗ്രസില്‍നിന്നും മന്ത്രി സ്ഥാനത്തേക്ക് ടി. സിദ്ദിഖും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഷാനിമോള്‍ ഉസ്മാനും പരിഗണിക്കപ്പെടുന്നുണ്ട്.
എന്നാല്‍, മന്ത്രിപദവിയിലെ ഈഴവ പ്രാതിനിധ്യം ബിന്ദു കൃഷ്ണയിലും ടി. ലിജുവിലുമായി ഒതുങ്ങിയേക്കും. കോണ്‍ഗ്രസിലെ ഈഴവ നേതാക്കളായ കെ. സുധാകരന്, അടൂര്‍ പ്രകാശ് എന്നിവരൊന്നും ഇത്തവണ സഭയിലില്ല. വയലാര്‍ രവിയെ പോലുള്ള നേതാക്കള്‍ വിശ്രമജീവിതത്തിലുമാണ്. 22 എം.എല്‍.എ.മാരുള്ള മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ ലഭിച്ചപ്പോഴാകട്ടെ കേരളാ കോണ്‍ഗ്രസി (ജോസഫ്) ന് ലഭിച്ചത് ഒരു മന്ത്രിസ്ഥാനം.
ലീഗിന്റെ ആനുപാതിക പരിഗണന കണക്കാക്കിയാലും മൂന്ന് മന്ത്രിമാര്‍ക്കെങ്കിലും അര്‍ഹത. എന്നാല്‍ ഘടകകക്ഷി പ്രാതിനിധ്യത്തിലൂടെ മന്ത്രിസഭയിലെത്തുന്ന സി.പി. ജോണും അനൂപ് ജേക്കബും ഷിബു ബേബിജോണും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും റോജി എം. ജോണും അടക്കം ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് മന്ത്രിമാര്‍ വേറേയുമുണ്ട്. അത്തരം സാധ്യതകളൊന്നും ഈഴവ സമുദായത്തിനില്ല. ഈയൊരു സാഹചര്യത്തിലാണ് ശിവഗിരി മഠാധിപതി തന്നെ കൂടുതല്‍ മന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.
ഈഴവ വോട്ട് ബാങ്കില്‍ നല്ലൊരു ശതമാനവും പരമ്പരാഗതമായി സി.പി.എമ്മിനൊപ്പമായിരുന്നു. വി.എസ്. അച്യുതാനന്ദന് നേതൃത്വനിരയിലിരിക്കേ ഈഴവ വോട്ട്ബാങ്ക് കട്ടയ്ക്ക് കൂടെ നിന്നു. ഈഴവ സമുദായത്തില്‍നിന്നുള്ള നേതാവെങ്കിലും പിണറായി വിജയന്, മരുമകന് കൂടിയായ മുഹമ്മദ് റിയാസിനെ ഉയര്‍ത്തിക്കാണിച്ചതോടെ ഈഴവരില്‍ അവിശ്വാസം നിഴലിച്ചു. ഇതിനെ സമര്‍ഥമായി പ്രയോജനപ്പെടുത്തിയാണ് ബി.ജെ.പി. ഇത്തവണ നിയമസഭയില്‍ നേട്ടമുണ്ടാക്കിയത്.
ബി.ജെ.പി.യുടെ മൂന്ന് എം.എല്‍.എ.മാരില്‍ രണ്ടു പേരും ഈഴവ വിഭാഗത്തില്‍നിന്നാണ്. മുസ്ലിം ലീഗിന് അമിത പ്രാധാന്യം നല്‍കുന്നുവെന്ന പ്രചാരണമുയര്‍ത്തി ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂല സാമുദായിക ധ്രുവീകരണത്തിനാകും ബി.ജെ.പി. ശ്രമിക്കുക. മന്ത്രിസഭാ രൂപീകരണത്തിലടക്കമുള്ള ശിവഗിരി മഠത്തിന്റേയും എസ്.എന്‍.ഡി.പി.യുടേയും അതൃപ്തി മുതലെടുക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി.യുടെ ഭാഗത്ത് നിന്നുണ്ടാകും.
ലീഗ് മന്ത്രിമാരില്‍നിന്നുള്ള നടപടികളും ഇടപെടലുകളും സസൂക്ഷ്മം നിരീക്ഷിച്ചാകും പ്രതിപക്ഷമെന്ന നിലയില്‍ ബി.ജെ.പി.യുടെ ആക്രമണം. ജില്ലാ കമ്മിറ്റികളില്‍നിന്ന് വ്യാപക എതിര്‍പ്പുയര്‍ന്നിട്ടും ഉരുക്കുകോട്ടകളില്‍ വിമതര്‍ വിജയക്കൊടി നാട്ടിയിട്ടും നേതൃമാറ്റത്തിനു മുതിരാത്ത സി.പി.എമ്മിന് നഷ്ടപ്പെട്ട വിശ്വാസം ആര്‍ജിച്ചെടുക്കല്‍ എളുപ്പമല്ലെന്നും വിലയിരുത്തപ്പെടുന്നു.






