ന്യൂഡല്‍ഹി: നീറ്റ് യു.ജി. ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ കൂടുതല്‍ അറസ്റ്റുമായി സി.ബി.ഐ. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിശീലന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശിവ്രാജ് രഘുനാഥ് മൊടെഗാവോങ്കറാണ് ഇന്നലെ ഒടുവില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനായി കഴിഞ്ഞദിവസം ശിവ്രാജിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ലാത്തൂരില്‍ ഉള്‍പ്പെടെ പരിശീലന സ്ഥാപനങ്ങളുള്ളയാളാണ് ശിവ്രാജ്. ചോദ്യച്ചോര്‍ച്ചയിലെ സുപ്രധാന കണ്ണിയാണ് ഇയാളെന്നു സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞദിവസം അറസ്റ്റിലായ പുനെയിലെ ബോട്ടണി പ്രഫസര്‍ മനീഷ മന്ഥാരെ, രസതന്ത്രം പ്രഫസര്‍ പി.വി. കുല്‍ക്കര്‍ണി, അന്വേഷണത്തിന്റെ ആദ്യദിവസങ്ങളില്‍ അറസ്റ്റിലായ പുനെയിലെ കണ്‍സള്‍ട്ടന്റായ മനീഷ വാഗ്്മറെ എന്നിവരും ഗൂഢാലോചനയില്‍ സുപ്രധാന പങ്കുവഹിച്ചതായി ഡല്‍ഹി റോസ് അവന്യു കോടതി മുമ്പാകെ സി.ബി.ഐ. വ്യക്തമാക്കി. ബോട്ടണി, സുവോളജി ചോദ്യക്കടലാസ് പരിഭാഷപ്പെടുത്തുന്നതില്‍ മന്ഥാരെ വിദഗ്ധയാണ്. ഈ സാധ്യത ഉപയോഗിച്ച് അവര്‍ ബയോളജി ചോദ്യശേഖരം കണ്ടതായാണു കരുതുന്നത്. പുനെയില്‍ അയല്‍വാസിയായ വാഗ്്മറെയുമായും പ്രഫസര്‍ കുല്‍ക്കര്‍ണിയുമായും മന്ഥാരെയ്ക്കു ബന്ധമുണ്ടായിരുന്നു. കേസിലെ പ്രതിയായ ശുഭത്തിനു ചോദ്യക്കടലാസ് കൈമാറിയതു മന്ഥാരെയാണ്. വാഗ്്മറെയുമായി ചേര്‍ന്ന് നീറ്റ് പരീക്ഷാര്‍ഥികളെ സംഘടിപ്പിച്ച് സ്വന്തം വീട്ടില്‍ പ്രത്യേക പരിശീലന ക്ലാസുകളിലൂടെ ചോദ്യങ്ങള്‍ കൈമാറിയതും മറ്റാരുമല്ല. തുടരന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ഥാരെയെ തെളിവെടുപ്പിനു കൊണ്ടുപോകേണ്ടതുണ്ടെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടി. മന്ഥാരെ നിലവില്‍ 14 ദിവസം സി.ബി.ഐ കസ്റ്റഡിയിലാണ്.

