കോഴിക്കോട്: നടുവട്ടം സപ്ലൈകോ ഗോഡൗണ്‍ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന 27 തണല്‍മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റിയതായി കോര്‍പ്പറേഷന്‍ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.ഗോഡൌണിലെ സുരക്ഷാ വീഴ്‌ച സംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മരക്കൊമ്പുകള്‍ പൊട്ടി വീണ് ആസ്‌ബസ്‌റ്റോസ് ഷീറ്റുകള്‍ തകരാറായെന്നും ഇതിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി ഭക്ഷ്യവസ്‌തുക്കള്‍ കേടായെന്നും പരാതിപ്പെട്ട് സപ്ലൈകോ മാനേജര്‍ പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. തുടര്‍ന്ന് വനംവകുപ്പിന് കത്തു നല്‍കുകയും നടപടിയെടുക്കുകയും ചെയ്‌തു. സപ്ലൈകോ പ്രവര്‍ത്തിക്കുന്നത് വാടകകെട്ടിടത്തിലാണെന്നും കെട്ടിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും സപ്ലൈകോ മേഖലാ മാനേജര്‍ കമ്മീഷനെ അറിയിച്ചു.




