വടകര: മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. മയങ്കളത്തില്‍ യൂസഫിന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. യൂസഫും കുടുംബവും ഗള്‍ഫിലാണ്. വീട്ടില്‍ നിന്ന് എന്തൊക്കെയാണ് മോഷണം പോയതെന്ന് പരിശോധിച്ചുവരുന്നേയൂള്ളൂ. വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. അകത്തെ മുറികളുടെ വാതിലും അലമാരയും തകര്‍ത്തിട്ടുണ്ട്. സി.സി.ടി.വി അടക്കം നശിപ്പിച്ചാണ് കള്ളന്‍ അകത്തു കയറിയത്. സമീപവാസിയായ സോമനാണ് പറമ്പിലെ ജോലികള്‍ ചെയ്യുന്നത്. ഇതനുസരിച്ച് സോമന്‍ ഇന്ന് രാവിലെ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടതും ബന്ധുക്കളെ വിവരം അറിയിച്ചതും. പിന്നാലെ വടകര പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം വീട് തുറന്ന് തൂത്തുവാരിയതാണ്. യൂസഫും കുടുംബവും രണ്ട് മാസം മുമ്പാണ് തിരികെ വിദേശത്തേക്ക് പോയത്. മോഷണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.




