താനൂര്‍: പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം ഭവന രഹിതര്‍ക്കായി പ്രത്യേക ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ച് താനൂര്‍ നഗരസഭ. നഗരസഭ പൊതുമരാമത്ത് കാര്യ സ്‌ഥിരം സമിതി അധ്യക്ഷന്‍ കെ. സലാമാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സംസ്‌ഥാനത്താകെയുള്ള നഗരസഭകളിലെ ഭവനരഹിതര്‍ക്കായി കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പി.എം.എ.വൈ. പദ്ധതി കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ ധാരണ പത്രം ഒപ്പുവെക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഭവനരഹിതരായ ഒട്ടേറെ പേര്‍ ഓരോ നഗരസഭയിലും വീടെന്ന സ്വപ്‌നവുമായി കാത്തിരിക്കുമ്പോഴും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭവന അപേക്ഷകള്‍ സ്വീകരിക്കാനോ പരിഗണിക്കാനോ സാധിക്കാതെ വലയുകയാണ് നഗരസഭകള്‍. വിവിധ വകുപ്പുകള്‍ മുഖേന മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കും വേണ്ടി നടപ്പാക്കിയിരുന്ന ഭവന പദ്ധതികളും നിര്‍ത്തലാക്കിയതോടെ സാധാരണക്കാരുടെ വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കുന്നതിനായുള്ള ഏക പദ്ധതിയായിരുന്നു പി.എം.എ.വൈ. മിക്ക സംസ്‌ഥാന സര്‍ക്കാറുകളും 2024 സെപ്‌തംബറില്‍ ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായ പി.എം.എ.വൈ. 2.ഛ ധാരണ പത്രം കേന്ദ്രവുമായി ഒപ്പിടുകയും അതനുസരിച്ച് പദ്ധതിയാരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. നിരവധി ഭവനരഹിതരുള്ള താനൂര്‍ നഗരസഭ ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് 2026 ഫെബ്രുവരി മൂന്നിന് പ്രമേയം പാസാക്കിയിരുന്നു. ജനാഭിലാഷത്തിന്റെ പൂര്‍ത്തീകരണമായി അധികാരത്തില്‍ വന്ന വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയില്‍ നിന്നും പ്രശ്‌ന പരിഹാരത്തിനായുള്ള സത്വര നടപടികളുണ്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് പൊതുമരാമത്ത് കാര്യ സ്‌ഥിരം സമിതി അധ്യക്ഷന്‍ കെ. സലാം പറഞ്ഞു.




