താനൂര്‍: നിങ്ങള്‍ പറയൂ ഞങ്ങള്‍ കേള്‍ക്കാം എന്ന താനാളൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ ക്യാമ്പയിന്റെ ഭാഗമായി താനാളൂര്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് കാലതാമസം നേരിടുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണസമിതി ജനകീയ ഫയല്‍ അദാലത്ത് ആരംഭിച്ചു. അദാലത്ത് പ്രസിഡന്റ് വി.പി.ഒ. അസ്‌ഗര്‍ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി ടി. സുരക്ഷിത അധ്യക്ഷയായി. അസി. സെക്രട്ടറി എ. പത്മകുമാര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി, ജനപ്രതിനിധികളായ വി. യഹിയ, ടി.പി. മൊയ്‌നുദ്ധീന്‍, ഉഷ തട്ടാട്ട്, അസ്ലം മീനടത്തൂര്‍, എ.വി. റസാഖ്, വി. അസ്‌മ, എന്‍.പി. റിഷി കേഷ് പങ്കെടുത്തു. നിരവധി കാലങ്ങളായി പഞ്ചായത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് ഓഫീസില്‍ കയറി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഫയല്‍ അദാലത്ത് ഏറെ സഹായകമാവുമെന്ന് പ്രസിഡന്റ് വി.പി.ഒ. അസ്‌കര്‍ പറഞ്ഞു. ഇന്നലെ ആരംഭിച്ച അദാലത്ത് 23 വരെ നാല് ദിനങ്ങളിലായി നടക്കും, പഞ്ചായത്തിലെ 24 വാര്‍ഡുകളിലെയും അപേക്ഷകര്‍ക്ക് ഫയല്‍ അദാലത്തില്‍ പങ്കെടുക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ സജ്‌ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്‌ഥന്മാരും അദാലത്തിന് നേതൃത്വം നല്‍കി. ഫയല്‍ അപേക്ഷ നമ്പര്‍ സഹിതം പരാതിക്കാര്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന ക്യാമ്പില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.




