പാലക്കാട്: ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് നല്കിയ ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം സിവില്‍ സപ്ലൈസ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ തയ്യാറാവണം. നിലവില്‍ പാലക്കാട് ജില്ലയിലെ നെല്‍ക്കര്‍ഷകരുടെ പ്രശ്നം അതീവ രൂക്ഷമാണ്. നെല്ല് സംഭരിക്കാന്‍ തയ്യാറാകാത്തത് മൂലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. 13 ജില്ലകളിലും നെല്ല് സംഭരിക്കാനുള്ള ചുമതല സിവില്‍ സപ്ലൈസ് നല്കിയപ്പോള് പാലക്കാട് ജില്ലയില്‍ മാത്രം ആ ഉത്തരവാദിത്വം സഹകരണ ബാങ്കുകളിലാണ് നിക്ഷിപ്തമാക്കിയത്.
ഉത്തരവുകളിലെ അവ്യക്തത മൂലം സഹകരണ ബാങ്കുകള്‍ നെല്ല് സംഭരിക്കാന്‍ തയ്യാറാവുന്നില്ല.കൊയ്ത നെല്ല് കര്‍ഷക ഭവനങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. മഴക്കാലം തുടങ്ങിയാല്‍ ആ നെല്ല് മുഴുവന്‍ ഈര്‍പ്പം മൂലം നശിച്ചു പോകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ നടപടികള്‍ വേഗത്തിലാക്കണം. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ നെല്ലിന് ക്വിന്റലിന് 72 രൂപ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചു. സമാനമായ വര്‍ധനവിന് കേരള സര്‍ക്കാറും തയ്യാറാവണമെന്നും എ. തങ്കപ്പന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.




