
പാലക്കാട്: കല ഉപജീവന മാര്‍ഗമായി സ്വീകരിച്ച കലാകാരന്മാര്ക്ക് സമഗ്രമായ ക്ഷേമ പദ്ധതി ആരംഭിക്കണമെന്ന് മുന്‍ നഗരസഭ ചെയര്മാന് പി.വി. രാജേഷ് ആവശ്യപ്പെട്ടു. അഖില കേരള കലാകാര ക്ഷേമ സമിതി സംസ്ഥാന നേതൃസമിതി യോഗം പാലക്കാട് ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകാരന്മാരുടെ പെന്ഷന് തുക വര്‍ധിപ്പിക്കുക, കാലതാമസമില്ലാതെ കൃത്യമായി പെന്ഷന് വിതരണം ചെയ്യുക, കലാകാരന്മാര്ക്ക് ചികില്‍സാ സഹായം ഏര്‍പ്പെടുത്തുക, കലാകാര ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നേതൃസമിതി യോഗം ഉന്നയിച്ചു. ഇതു സംബന്ധിച്ച് നിരവധി ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് നല്‍കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു.
ഫിലിം ആക്ടര്‍ ആന്റണി, ജനറല്‍ സെക്രട്ടറി ഡോ. അച്ചുതന് പനച്ചിക്കുത്ത്, പുരുഷോത്തമന് കണ്ണൂര്‍, കോട്ടാണി നാണു, എ.വി. കൃഷ്ണകുമാര്‍, വി.കെ. പവിത്രന്, നിന്‍സി നിപുണന്, ഹക്കീം കല്‍മണ്ഡപം എന്നിവര്‍ സംസാരിച്ചു.



