
ആനക്കര: മണ്ണെടുപ്പിനെ തുടര്‍ന്ന് മഴയില്‍ റോഡിലേക്ക് മണ്ണിറങ്ങി റോഡ് തകര്‍ന്നു. ചേക്കോട് നയ്യൂര്‍ പാടം റോഡിലേക്കാണ് അരമീറ്റര്‍ ഉയരത്തോളം മണ്ണ് വന്ന് ചെളി നിറഞ്ഞത്. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ചേക്കോട് ജുമാ മസ്ജിദിന് സമീപത്തുകൂടി പോകുന്നതാണ് റോഡ്. അനുമതിയില്ലാതെ മണ്ണെടുത്തതിന്റെ ഭാഗമായി കഴിഞ്ഞദിവസം രാത്രി മഴയോടൊപ്പം മണ്ണ് ഒലിച്ചിറങ്ങി റോഡ് ചെളി കുളമായി മാറി.
വാഹന ഗതാഗതവും, കാല്‍നടക്കാര്‍ക്കും നടക്കാന്‍ പറ്റാത്ത രീതിയില്‍ റോഡ് തകര്‍ന്നിരിക്കുകയാണ്. അടിയന്തിരമായി ആശുപത്രിയില്‍ പോകേണ്ടവര്‍ വളരെ പ്രയാസപെട്ടാണ് പോകുന്നത്. രാവിലെ മുതല്‍ പ്രദേശത്തുള്ളവര്‍ ചേര്‍ന്ന് ചെളിനീക്കിയാണ് നടക്കാന്‍ കഴിയുന്ന രീതിയില്‍ ആക്കിയിട്ടുള്ളത്. മഴ തുടര്‍ന്നാല്‍ റോഡ് പൂര്‍ണമായും മണ്ണ് മൂടും. മണ്ണ് എടുത്തവര്‍ വെള്ളം പോകാന്‍ യാതൊരു സംവിധാനവും ഒരുക്കാത്തതാണ് റോഡിന് ഈ അവസ്ഥ വരാന്‍ കാരണം. ജനപ്രതിനിധികളും, പഞ്ചായത്ത് അധികാരികളും എത്രയും പെട്ടെന്ന് പ്രശ്നത്തില്‍ ഇടപെടണമെന്നും അടിയന്തര പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



