അന്തിക്കാട്: കാരമുക്ക് പൂതൃക്കോവ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നരസിംഹ ജ്യോതി പുരസ്കാരം കലാപീഠം ഹരീഷ് പശുപതിക്ക് സമര്‍പ്പിക്കുമെന്ന് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ഷാജികുറുപ്പത്ത്, സെക്രട്ടറി പി.ബി. വേണു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നാളെ വൈകീട്ട് ഏഴിന് പത്മശ്രീ പെരുവനം കുട്ടന്മാരാര് വിതരണം ചെയ്യും. ഇതോടൊപ്പം എസ്.എസ്.എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് എന്റോവ്മെന്റും വിതരണം ചെയ്യും. ഇന്നു മുതല്‍ 26 വരെ ഒരാഴ്ചക്കാലമാണ് പ്രതിഷ്ഠാദിന മഹോത്സവം സംഘടിപ്പിക്കുന്നത്. ആദ്യ ദിനം വൈകീട്ട് ഏഴിന് മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്തുള്ളല് ഉണ്ടാകും. 21 ന് വൈകീട്ട് ഏഴിന് നടക്കുന്ന പുരസ്കാര വിതരണത്തിന് ശേഷം തിരുവാതിരകളിയും ചാക്യാര്‍കൂത്തും നടക്കും. 22 ന് വൈകീട്ട് ഏഴിന് ഭജന്‍സ്, 23 ന് വൈകീട്ട് ഡാന്‍സ്, 24ന് വൈകീട്ട് നൃത്താര്‍ച്ചന, 25 ന് വൈകീട്ട് പത്ത് ടീമുകള്‍ അവതരിപ്പിക്കുന്ന തിരുവാതിര, 26 ന് പ്രതിഷ്ഠാദിന ചടങ്ങുകളും രാവിലെ മേളത്തിന് ശേഷം പ്രസാദ ഊട്ടും വൈകീട്ട് ഏഴിന് കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് സുഷമ സുനില്‍ , ട്രഷറര്‍ കെ. സൂര്യനാരായണന്, ട്രസ്റ്റി രമേഷ് നമ്പൂതിരി എന്നിവരും പങ്കെടുത്തു.




