
ഇരിങ്ങാലക്കുട : ചിറയിലേക്ക് കോളിഫോം ബാക്ടീരിയയുടെ അധികമുള്ള മലിനജലം ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് പൊറുത്തുച്ചിറ നിവാസികള്‍ക്ക് മൂക്കുപൊത്തി ജീവിക്കേണ്ട അവസ്ഥയാണ്.
പലയിടത്ത് നിന്നുമായി വെള്ളം ഒഴുകിയെത്തി ചിറ നിറഞ്ഞതോടെ ചിറ പകുതി തുറന്ന് വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടു. എന്നാല്‍ ചണ്ടിനിറഞ്ഞ തോട് വൃത്തിയാക്കാത്തതിനാല്‍ പൊറത്തുച്ചിറ തുറന്നപ്പോള്‍ വെള്ളം ഒഴുകിയെത്തിയത് പരിസരത്തെ വീടുകളിലേക്കാണ്. ബൈപ്പാസ് റോഡിലെ കലുങ്ക് മണ്ണിട്ടുമൂടിയതിനെ തുടര്‍ന്ന് വേനല്‍മഴയില്‍ തന്നെ ഇവിടം വെള്ളക്കെട്ടിലായതിനെതിരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഇവിടെ കെട്ടിക്കിടന്ന വെള്ളത്തില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഉണ്ടെന്ന് അന്നേ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് നഗരസഭയുടെ നേതൃത്വത്തില്‍ കലുങ്ക് പൊളിച്ച് ഇവിടുന്ന് ഒഴുക്കി വിട്ട വെള്ളം കല്ലരിത്തോട് വഴി പൊറത്തുച്ചിറയിലേക്കാണ് എത്തിയത്. ഈ മലിനജലം ചിറയില്‍ എത്തുന്നതോടെ പ്രദേശത്തെ കിണറുകളിലും ഇതിന്റെ അംശങ്ങള്‍ കലര്‍ന്ന് വീട്ടുകാരുടെ കുടിവെള്ളം മുട്ടുന്ന സ്ഥിതിയാകുമെന്നും ചിറയില്‍ നിന്നാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വെള്ളം ഉപയോഗിക്കുന്നതെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം പാളിപ്പോയ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതിനെല്ലാം ഒരു പരിഹാരം വേണെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
പൊറുത്തുചിറയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടത്തിയ സമരം പി.വി ശിവകുമാര്‍. ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗതയിലെന്ന് പ്രതിപക്ഷ നേതാവ് പി.വി ശിവകുമാര്‍ കുറ്റപ്പെടുത്തി.
പനോലിപാലം മുതലുള്ള തോട് ജെ.സി.ബി ഉപയോഗിച്ച് അടിയന്തിരമായി വൃത്തിയാക്കണമെന്നും കൗണ്‍സിലര്‍മാര്‍ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ പി.എം നന്ദുലാല്‍, ലേഖ ഷാജന്, വി.എസ് അശ്വതി, സിന്ധു ഗിരീഷ് കുമാര്‍, വിനീത ടീച്ചര്‍ എന്നിവരും ശിവകുമാറിനോടൊപ്പം പൊറത്തുച്ചിറ സന്ദര്‍ശിച്ചു.



