നെടുങ്കണ്ടം: ജീവന്‍ ദൈവദാനമാണെന്നും, ദൈവം നല്‍കിയ ജീവനെ എന്തു ത്യാഗം ചെയ്‌തും വളര്‍ത്തണമെന്നും മരണസംസ്‌കാരം ശക്‌തിപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജീവന്റെ സംസ്‌കാരം വളര്‍ത്തണമെന്നും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിത ചോറ്റുപാറ വി. ജിയന്ന ദൈവാലയത്തിലേയ്‌ക്ക് നടത്തിയ ജിയന്ന തീര്‍ഥാടനത്തോടുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മാതൃവേദിയുടെ സഹമദ്ധ്യസ്‌ഥയായ വിശുദ്ധ ജിയന്ന തനിക്ക് ലഭിച്ച ജീവനെ ദൈവമാണ് നല്‍കിയത് എന്ന ബോധ്യത്തില്‍ സ്വീകരിച്ചു. സഹപ്രവര്‍ത്തകരും, എല്ലാവരും ഉദരത്തിലുള്ള ജീവനെ നശിപ്പിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ജീവനെ യാതൊരു കാരണവശാലും നശിപ്പിക്കരുതെന്ന് ശഠിച്ച വി.ജിയന്നാ ഏവര്‍ക്കും മാതൃകയാകണമെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഓര്‍മിപ്പിച്ചു.
കുര്‍ബാനയ്‌ക്ക് വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ഫൊറോന ഡയറക്‌ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ വി. ജിയന്നായുടെ നാമത്തിലുള്ള ഏക ദൈവാലയമാണ് ചോറ്റുപാറ പള്ളി. പരിപാടികള്‍ക്ക് രൂപതാ പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി. റോസ്‌മി എസ്.എ.ബി.എസ്, ബ്രദര്‍ ജെറിന്‍ വാണിയപുരയ്‌ക്കല്‍ മറ്റ് രൂപതാ, ഫൊറോനാ, ഇടവക ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.




