
പീരുമേട്: വണ്ടിപ്പെരിയാറിലെ പുതിയ പാലത്തില്‍ കാല്‍നടപ്പാതയില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തം യാത്രികര്‍ക്ക് ഭീഷണിയാകുന്നു. ഒരാള്‍ താഴ്‌ചയുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടിട്ടുള്ളത്. സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നിത്യേന കടന്നുപോകുന്ന പാതയിലെ ഈ അപകടാവസ്‌ഥ എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്.
നിലവില്‍ ഗര്‍ത്തം ആളുകളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പടു ത ഉപയോഗിച്ച് മൂടിയ നിലയിലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച പഴയ പാലത്തിന് ഇപ്പോഴും യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നിരിക്കെയാണ്, 2015-ല്‍ മാത്രം നിര്‍മിച്ച പുതിയ പാലത്തിന് ഈ ദുരവസ്‌ഥ ഉണ്ടായിരിക്കുന്നത്. മുമ്പും ഈ പാലത്തിന്റെ കോണ്‍ക്രീറ്റ് പൊളിഞ്ഞുപോയതും കമ്പികള്‍ പുറത്തായതുമായ വാര്‍ത്തകള്‍ മംഗളം പുറത്തു കൊണ്ടുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കായി നീക്കിവെച്ചിട്ടുള്ള ഭാഗത്ത് ഒരാള്‍ താഴ്‌ചയില്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളും സാധാരണക്കാരുമടക്കം നിരവധിപേര്‍ ആശ്രയിക്കുന്ന ഈ പാതയിലെ ഗര്‍ത്തം അടിയന്തരമായി മൂടി സുരക്ഷിത മാക്കണമെന്ന് പ്രദേശത്തെ വ്യാപാരികളും ടാക്‌സി ഡ്രൈവര്‍മാരും പൊതുജനങ്ങളും ശക്‌തമായി ആവശ്യപ്പെട്ടു.
അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.



