പീരുമേട്: ടി.ആര്‍.ആന്റ്.ടി. എസ്‌റ്റേറ്റിലെ മണിക്കല്‍ - വള്ളിയാംകാവ് റോഡില്‍ കാറ്റില്‍ ഒടിഞ്ഞുവീണ മരത്തിന്റെ അവശിഷ്‌ടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞദിവസം പെയ്‌ത കനത്ത മഴയിലും കാറ്റിലുമാണ് എസ്‌റ്റേറ്റിലെ വന്‍മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണത്.
തുടര്‍ന്ന് മരം വെട്ടിമാറ്റി താല്‍ക്കാലികമായി ഗതാഗതം സുഗമമാക്കിയെങ്കിലും, വന്‍മരങ്ങളുടെ ബാക്കി ഭാഗങ്ങള്‍ ഇപ്പോഴും റോഡിലേക്ക് തള്ളിനില്‍ക്കുന്ന അവസ്‌ഥയിലാണ്. ഇത് വഴിപോകുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വലിയ രീതിയില്‍ കാഴ്‌ച മറയ്‌ക്കുകയും അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മതമ്പ, മണിക്കല്‍ പ്രദേശവാസികളും പ്രശസ്‌തമായ വള്ളിയാംകാവ് ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന നൂറുകണക്കിന് ഭക്‌തരും നിത്യേന ആശ്രയിക്കുന്ന റോഡാണിത്. കൂടാതെ, പ്രദേശത്തെ പ്രധാന ചികിത്സാകേന്ദ്രമായ എം.എം.ടി. ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന വാഹനങ്ങളും ഈ വഴിയാണ് കടന്നുപോകുന്നത്. രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാല്‍ അപകട സാധ്യത ഇരട്ടിയാണ്.
വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് റോഡിലേക്ക് അപകടകരമായി തള്ളിനില്‍ക്കുന്ന മരക്കഷണങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റി യാത്രാക്ലേശം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




