കോട്ടയം: സംസ്‌ഥാന നേതൃ്വത്തിനെതിരേ കടന്നാക്രമണവുമായി സി.പി.എം. ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടറിയേറ്റിനു സമാനമായ ആക്രമണമാണ്, തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായത്.
നേതൃത്വത്തിന്റെ പല നിലപാടുകളും മുന്നണിയുടെ പരാജയത്തിലേക്കു നയിച്ചു. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്‌ചയിച്ചതും തെറ്റായ തീരുമാനമായി.
ജില്ലയിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവുകളുണ്ടായി. പുതുപ്പള്ളിയിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ ഏരിയാ സെക്രട്ടറി പൊട്ടിത്തെറിച്ചു. സ്‌ഥാനാര്‍ഥി മോശമായിരുന്നുവെന്നും കെട്ടിവച്ച പണം നഷ്‌ടമാകുന്ന അവസ്‌ഥയില്‍ നിന്നു തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്‌ഥയിലേക്കു പാര്‍ട്ടി എത്തിയതെങ്ങനെയെന്നു ചിന്തിക്കണമെന്നും അദ്ദേഹം വികാരഭരിതനായി പറഞ്ഞു.
കോട്ടയത്തെ സ്‌ഥാനാര്‍ഥി നിര്‍ണയവും പരാജയമായി. കെ. അനില്‍കുമാര്‍ അഞ്ചു വര്‍ഷമായി സ്‌ഥാനാര്‍ഥി വേഷം കെട്ടി നടക്കുകയായിരുന്നുവെന്ന ആക്ഷേപവുമുണ്ടായി. ഏറ്റുമാനൂരില്‍ തെരഞ്ഞെടുപ്പു ഏകോപന പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകളുണ്ടായി. സെക്രട്ടറിയേറ്റിലേതിനു സമാനമായി ഏറ്റുമാനുരില്‍ അമിത ആത്മവിശ്വാസം വിനയായെന്ന കുറ്റപ്പെടുത്തലുമുണ്ടായി. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ റിമി ടോമിയെ പങ്കെടുപ്പിച്ചു നടത്തിയ ഷോ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
കേരളാ കോണ്‍ഗ്രസ് -എമ്മിന്റെ വോട്ടുകള്‍ പൂര്‍ണമായി മുന്നണിയ്‌ക്കു ലഭിച്ചില്ല. പാര്‍ട്ടിയുടെ ജനപ്രതിനിധികളുടെ വാര്‍ഡുകള്‍ എല്‍.ഡി.എഫ്.പിന്നിലായി. മുന്നണി കണ്‍വീനര്‍ കൂടിയായ ലോപ്പസ് മാത്യുവിന്റെ വാര്‍ഡില്‍ മുന്നണി സ്‌ഥാനാര്‍ഥി മൂന്നാം സ്‌ഥാനത്തായിരുന്നുവെന്നും വിമര്‍ശനമുണ്ടായി. വൈക്കത്തെ തോല്‍വിയില്‍ സി.പി.ഐയ്‌ക്കെതിരേയും രൂക്ഷമായ പരാമര്‍ശങ്ങളുണ്ടായി.
ഇന്നും കമ്മിറ്റി തുടരും. തെരഞ്ഞെടുപ്പ് അവലോകനങ്ങളുടെ തുടര്‍ ചര്‍ച്ചകളുടെ ഭാഗമായി നാളെ മുതല്‍ 23 വരെ സംസ്‌ഥാന സമിതിയംഗങ്ങളുടെ സാന്നിധ്യത്തില്‍ ഏരിയാ കമ്മിറ്റി യോഗങ്ങള്‍ ചേരാന്‍ തീരുമാനമായി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഹരികുമാര്‍ അധ്യക്ഷനായ യോഗത്തില്‍ സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗ്‌ങളായ സി.എന്‍. മോഹന്‍, വി.എന്‍. വാസവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




