കോട്ടയം: എ.ബി.സി. പദ്ധതി പ്രകാരം വന്ധ്യംകരണം നടത്തിയ നായകളെ തെരുവിലേക്കു വിടുന്നതിനു പകരം സംരക്ഷിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുമ്പില്‍. മനുഷ്യജീവനു ഭീഷണിയാകുന്ന തെരുവുനായകളെ കൊല്ലാമെന്ന സുപ്രീംകോടതി ഉത്തരവു വന്നിരിക്കേ, വ്യത്യസ്‌തമാകുന്നതാണു നിര്‍ദിഷ്‌ട പദ്ധതി.
പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തശേഷമുള്ള ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അനുമതി തേടി കോഓര്‍ഡിനേഷന്‍ കമ്മിറ്റി മുമ്പാകെയുള്ളത്. അനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പിലാക്കുമെന്നു ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വന്ധ്യംകരിച്ച നായകളെ വളര്‍ത്തുന്നതാണു പദ്ധതി. താത്‌പര്യമുള്ളവര്‍ക്കു മൃഗസംരക്ഷണവകുപ്പ് നിര്‍ദേശിക്കുന്ന വലിപ്പത്തിലുള്ള കൂട് ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും.
വന്ധ്യംകരിച്ച് വാക്‌സിന്‍ നല്‍കി പഞ്ചായത്ത് ലൈസന്‍സോടു കൂടിയാകും നായയെ നല്‍കുക. നായയുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക ചിപ്പ് ഘടിപ്പിക്കും. നായകള്‍ക്കു ചികിത്സ ആവശ്യമായി വന്നാല്‍ വിളിച്ചറിയിച്ചാല്‍ മൃഗസംരക്ഷണവകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് സ്‌ഥലത്തെത്തും. എല്ലാ പഞ്ചായത്തിലും പദ്ധതി നടപ്പിലാക്കാനാണു തീരുമാനം.
അനുമതി ലഭിച്ചാല്‍ ആദ്യഘട്ടമായി രണ്ടു പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. വാകത്താനം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണു സൂചന. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി നിരവധി അന്വേഷണങ്ങള്‍ വന്നിരുന്നതായും ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.അതേസമയം, എ.ബി.സി. പദ്ധതി കൃത്യമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍, ജില്ലയില്‍ തെരുവു നായ ശല്യം രൂക്ഷമാകുകയാണ്.
നഗര- ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായശല്യം വര്‍ധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നടപടികളൊന്നുമുണ്ടാകുന്നില്ലെന്നു പരാതിയുണ്ട്. നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡ്, മാര്‍ക്കറ്റ്, എം.ജി. റോഡ്, കോടിമത പ്രദേശങ്ങളിലാണു തെരുവുനായശല്യം രൂക്ഷം. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സ്‌കൂള്‍ തുറക്കാനിരിക്കേ തെരുവുനായ ശല്യം വര്‍ധിക്കുന്നത് ആശങ്കയ്‌ക്കു കാരണമാകുന്നതായി രക്ഷിതാക്കള്‍ പറയുന്നു.




