
കോട്ടയം: പ്രതീക്ഷിച്ചപോലെ പെയ്യാതെ വേനല്‍ മഴ, ഇടവ മാസത്തിലേക്കു കടന്നിട്ടും മഴ ദുര്‍ബലം. ഇന്നലെ വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ 10 ശതമാനം മഴ കുറവാണ്.
ഏതാനും വര്‍ഷങ്ങളായി മെയ് പകുതിയാകുമ്പോള്‍ വേനല്‍മഴയുടെ അളവ് 50 ശതമാനമെങ്കിലും കൂടുതലായിരുന്നു. എന്നാല്‍, ഇത്തവണ പ്രതീക്ഷകള്‍ തെറ്റിച്ചു മഴ കുറഞ്ഞുനില്‍ക്കുന്നത് ആശങ്കയ്‌ക്കു കാരണമാകുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെയായി 309.9 മില്ലിമീറ്റര്‍ മഴയാണു ജില്ലയില്‍ പ്രതീക്ഷിച്ചതെങ്കില്‍ പെയ്‌തതു 279.3 മില്ലീമീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷം മേയ് അവസാനിക്കുമ്പോള്‍ വേനല്‍ മഴ 114 ശതമാനം അധികമായി പെയ്‌തിരുന്നു. വരുംദിവസങ്ങളിലെ മഴ മുന്നറിയിപ്പ് യാഥാര്‍ഥ്യമായാലും കഴിഞ്ഞവര്‍ഷ കണക്കിനൊപ്പമെത്താനുള്ള സാധ്യത കുറവാണെന്നു നിരീക്ഷകര്‍ പറയുന്നു.
സാധാരണ മാര്‍ച്ച് പകുതിയില്‍ ആരംഭിക്കുന്ന വേനല്‍ മഴ ഇടവിട്ട് പെയ്‌തശേഷം മേയ് ആദ്യം സജീവമാകുമായിരുന്നു. എന്നാല്‍, ഇത്തവണ പതിവു സമയത്ത് ആരംഭിച്ചുവെങ്കിലും ഇടവേളകള്‍ കൂടി, മഴയുടെ ശക്‌തിയും കുറഞ്ഞു. മാത്രമല്ല, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പെയ്‌തതെല്ലാം ദുര്‍ബലമായിരുന്നു. കിഴക്കന്‍ പ്രദേശങ്ങളില്‍ പെയ്‌തതിന്റെ മൂന്നിലൊന്നു ദിവസങ്ങളില്‍േപ്പാലും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പെയ്‌തില്ല.
ഇടവിട്ടു ചെറിയ മഴകള്‍ പെയ്‌തിരുന്നതിനാല്‍ പുറമേ പച്ചപ്പുണ്ടെങ്കിലും മിക്കയിടങ്ങളിലും ജലക്ഷാമവും പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും കൂടിവെള്ളം വാങ്ങുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ ജില്ലയിലുണ്ട്. കൂടുതല്‍ മഴ പെയ്‌ത കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടെ സ്‌ഥിതി ഇതാണ്. തുടര്‍ച്ചയായി പെയ്‌ത് ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകൂ.
അതേസമയം, പടിഞ്ഞാറന്‍ നിവാസികളുടെ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവു കുറവായതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഇതിനൊപ്പം തണ്ണീര്‍മുക്കം ബണ്ടു തുറക്കുക കൂടി ചെയ്‌തതോടെ ഉപ്പുവെള്ള ഭീഷണിയുമുണ്ട്. പല കിണറുകളിലെയും വെള്ളത്തിന് ഉപ്പുരസം അനുഭവപ്പെടുകയാണ്. ഓരു ഭീഷണിയും ബുദ്ധിമുട്ടിക്കുന്നുണ്ട്. തുണി കഴുകാന്‍ പോലും വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണ്.



