
പാലാ: മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹന അപകടത്തില്‍പ്പെട്ട്‌മരിച്ച പാലാ പയപ്പാര്‍ സ്വദേശികളായ ജ്യോതി ബിജുവിനും, ആര്യ അനൂപിനും നിറമിഴികളോടെ നാട് വിട നല്‍കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പയപ്പാര്‍ പടിഞ്ഞാറെ നെല്ലിത്താനത്ത് ജ്യോതി ബിജു(42)വിന്റെ മൃതദേഹം ഉച്ചക്ക് രണ്ട് മണിയോടെയും, കീച്ചേരില്‍ ആര്യ അനൂപ് (29)ന്റെ മൃതദേഹം നാലുമണിയോടെയും സ്വന്തം വീട്ടുവളപ്പില്‍ അഗ്നി ഏറ്റുവാങ്ങി. അപകടത്തെ തുടര്‍ന്ന്
കുന്ദാപുരയിലെ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തിങ്കളാഴ്‌ച
വൈകിട്ട് ബന്ധുക്കള്‍ ഏറ്റുവാങ്ങി ഇന്നലെ രാവിലെ നാട്ടിലെത്തിച്ചു. ജ്യോതിയുടെ മൃതദേഹം രാവിലെ 7.30 ഓടെയും, ആര്യയുടെ ഭൗതികദേഹം 10 മണിയോടെയുമാണ് വീട്ടിലെത്തിച്ചത്.
ആര്യ നഴ്‌സായി ജോലി ചെയ്‌തിരുന്ന തെള്ളകം കാരിത്താസ് ആശുപത്രിയിലെത്തിച്ച് സഹപ്രവര്‍ത്തകരുടെ അന്തിമോപചാരത്തിന് ശേഷമാണ് ആര്യയുടെ ഭൗതികദേഹം വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും വിവിധ രാഷ്ര്‌ടീയ പാര്‍ട്ടിയുടെയും എന്‍.എസ്.എസ്. ഉള്‍പ്പെടെ വിവിധ സാമുദായിക സംഘടന നേതാക്കളും മരണമടഞ്ഞവരുടെ വീടുകളില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ് മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നാല് പേരെ കാരിത്താസ്‌ആശുപത്രിയിലും ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. ജ്യോതിയുടെ സഹോദരന്‍ ജ്യോതിസ് (40), അമ്മ പോണാട് മുണ്ടയ്‌ക്കല്‍ മിനി വേണുഗോപാല്‍ (60), ജ്യേതിസിന്റെ മകന്‍ അര്‍ജുന്‍ (9), ആര്യയുടെ ഭര്‍ത്താവ് അനൂപ് (37)എന്നിവരാണ് കാരിത്താസ് ആശുപത്രിയില്‍ തുടര്‍ ചികിത്സയിലുള്ളത്. എബി(36) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.ആര്യയുടെ മകന്‍ അയാന്‍(5) നിസാര പരിക്കുകളോടെയും മകള്‍ ആറ് മാസം പ്രായമുള്ള ആവണി പരുക്കേല്‍ക്കാതെയും രക്ഷപ്പെട്ടു. ഞായറാഴ്‌ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കുടജാദ്രി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ക്ഷേത്രത്തിന് സമീപം വെച്ച് കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒമ്പതംഗ സംഘം സഞ്ചരിച്ച ജീപ്പും മീന്‍ കയറ്റി വന്ന ലോറിയും തമ്മില്‍ ഇടിച്ച് അപകടമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് 45 അംഗ തീര്‍ത്ഥാടക സംഘം പയപ്പാറില്‍നിന്ന്‌യാത്ര തിരിച്ചത്. അഞ്ച് ജീപ്പിലായാണ് സംഘം കുടജാദ്രിയിലേക്ക് പോയത്. തിരികെ അവസാനം വന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.



