ജയ്‌പുര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റിസിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ ''ആഹ്‌ളാദ ആംഗ്യം'' വൈറലായി. 23 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ചതിനു പിന്നാലെ വൈഭവ് രണ്ട് കൈകളും ഉയര്‍ത്തി 'എ' എന്ന ചിഹ്നഹ്നം ഉയര്‍ത്തിക്കാണിച്ചത്. 15 വയസുകാരനായ താരത്തിന്റെ ആംഗ്യ പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ പല ചര്‍ച്ചകള്‍ക്കു വഴിവച്ചു. ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയതിനുള്ള നന്ദി സൂചകമെന്നു വരെ അഭിപ്രായങ്ങളുണ്ടായി. എന്നാല്‍ ഈ ആംഗ്യ പ്രകടനത്തിന് പ്രത്യേകിച്ച് അര്‍ഥ മൊന്നുമില്ലെന്നാണു വൈഭവിന്റെ പ്രതികരണം.
ഓരോ ആഹ്‌ളാദ പ്രകടനത്തിനും പുതിയ വഴി കണ്ടുപിടിക്കണമെന്ന തോന്നല്‍ മാത്രമാണ് 'എ' അടയാളത്തിനു പിന്നിലെന്നും അപ്പോള്‍ തോന്നിയതാണു ചെയ്‌തതെന്നും വൈഭവ് കൂട്ടിച്ചേര്‍ത്തു. 38 പന്തില്‍ 10 സിക്‌സറും ഏഴ് ഫോറുമടക്കം 93 റണ്ണെടുത്ത വൈഭവാണ് രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം നേടിക്കൊടുത്തത്.





