സില്‍ഹത്: പാകിസ്‌താന്‍ ക്രിക്കറ്റ് ടീമിനെതിരായ രണ്ട് ടെസ്‌റ്റുകളുടെ പരമ്പരയില്‍ ബംഗ്ലാദേശിന് സമ്പൂര്‍ണ ജയം. രണ്ടാം ടെസ്‌റ്റില്‍ 78 റണ്ണിനു ജയിച്ചതോടെയാണ് അവര്‍ സമ്പൂര്‍ണമായി പരമ്പര നേടിയത്. രണ്ട് ടെസ്‌റ്റുകളുടെ പരമ്പരയാണു പാകിസ്‌താന്‍ ബംഗ്ലാദേശില്‍ കളിക്കുന്നത്.
രണ്ടാം തവണയാണു ബംഗ്ലാദേശ് പാകിസ്‌താനെതിരേ ടെസ്‌റ്റ് പരമ്പര നേടുന്നത്. ഒന്നാം ടെസ്‌റ്റിലും ബംഗ്ലാദേശ് തകര്‍പ്പന്‍ ജയം കുറിച്ചിരുന്നു.
സ്‌കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് 278, രണ്ടാം ഇന്നിങ്‌സ് 390. പാകിസ്‌താന്‍ ഒന്നാം ഇന്നിങ്‌സ് 232, രണ്ടാം ഇന്നിങ്‌സ് 358.
പാകിസ്‌താന് ഒരു ദിവസവും മൂന്ന് വിക്കറ്റും ശേഷിക്കേ ജയിക്കാന്‍ 121 റണ്‍ കൂടി വേണമായിരുന്നു. 166 പന്തില്‍ 94 റണ്ണെടുത്ത മുഹമ്മദ് റിസ്‌വാന്റെ പോരാട്ടമാണു ജയം വൈകിപ്പിച്ചത്‌്. സാജിദ് ഖാനും (36 പന്തില്‍ 28) റിസ്‌വാനും ചേര്‍ന്ന് മികച്ച പോരാട്ടം പുറത്തെടുത്തു. സാജിദ് ഖാനെ തായ്‌ജുള്‍ ഇസ്ലാം നജ്‌മുള്‍ ഹുസൈന്‍ ഷാന്റോയുടെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട് തകര്‍ന്നു. അടുത്ത ഓവറില്‍ റിസ്‌വാനെ ഷോറിഫുള്‍ ഇസ്ലാം മെഹ്‌ദി ഹസന്‍ മിറാസിന്റെ കൈയിലുമെത്തിച്ചു. ഖുറം ഷഹ്‌സാദിനെയും (0) തായ്‌ജുള്‍ പുറത്താക്കിയതോടെ ബംഗ്ലാദേശ് ജയവും പരമ്പരയും സ്വന്തമാക്കി. തായ്‌ജുള്‍ ഇസ്ലാം 120 റണ്‍ വഴങ്ങി ആറ് വിക്കറ്റെടുത്തു. നാഹിദ് റാണ രണ്ട് വിക്കറ്റും ഷോറിഫുള്‍ ഇസ്ലാം മെഹ്‌ദി ഹസന്‍ മിറാസ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. നായകന്‍ ഷാന്‍ മസൂദ് (71), സല്‍മാന്‍ ആഗ (71), ബാബര്‍ അസം (47) എന്നിവരുടെ ബാറ്റിങാണു മത്സരം അവസാന ദിവസത്തേക്കു നീട്ടിയത്. 2024 നു ശേഷം തുടര്‍ച്ചയായ ഏഴാം തവണയാണ് പാകിസ്‌താന്‍ എവേ ടെസ്‌റ്റുകളില്‍ തോല്‍ക്കുന്നത്.




