പുനെ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഏഴ് വിക്കറ്റിനു ജയിച്ചതോടെ രാജസ്‌ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി.
13 കളികളില്‍നിന്ന് 14 പോയിന്റ് നേടിയ അവര്‍ നാലാം സ്‌ഥാനത്തായി. സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ അഞ്ച് വിക്കറ്റിന് 220 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത രാജസ്‌ഥാന്‍ കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
രാജസ്‌ഥാന്‍ നാലാം സ്‌ഥാനത്തെത്തിയത് പ്ലേ ഓഫിലേക്കു മത്സരിക്കുന്ന പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കു തിരിച്ചടിയാണ്. അടുത്ത മത്സരവും രാജസ്‌ഥാന്‍ ജയിച്ചാല്‍ മറ്റു ടീമുകള്‍ പുറത്താകും. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് അവസാന മത്സരം. ജയിച്ചാല്‍ രാജസ്‌ഥാന് 14 മത്സരങ്ങളില്‍നിന്നു 16 പോയിന്റാകും. മറ്റു ടീമുകള്‍ക്കു 16 പോയിന്റ് നേടാനാകില്ല. രാജസ്‌ഥാന്‍ തോറ്റാല്‍ ടീമിന് 14 പോയിന്റ് മാത്രമാകും. അങ്ങനെ വന്നാല്‍ 12 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനും അവസരമുണ്ടാകും. അടുത്ത മത്സരത്തില്‍ ചെന്നൈ ഗുജറാത്തിനെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ചാല്‍ ചെന്നൈയ്‌ക്കും 14 പോയിന്റാകും. നെറ്റ് റണ്‍റേറ്റ് നോക്കിയാകും പ്ലേ ഓഫ് സ്‌ഥാനക്കാരെ തീരുമാനിക്കുക. അതിനു പഞ്ചാബും കൊല്‍ക്കത്തയും തോല്‍ക്കുകയും വേണം. അടുത്ത കളി രാജസ്‌ഥാന്‍ തോല്‍ക്കുകയും കൊല്‍ക്കത്ത രണ്ടു കളികളില്‍ ഒന്നു തോല്‍ക്കുകയും ചെന്നൈയും പഞ്ചാബും അവസാന മത്സരം തോല്‍ക്കുകയും ചെയ്‌താലും രാജസ്‌ഥാന്‍ കടന്നുകൂടും.
ലഖ്‌നൗവിന്റെ ഷാബാസ് അഹമ്മദ് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ രാജസ്‌ഥാന്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍. ആദ്യ പന്ത് തന്നെ ഡോണോവന്‍ ഫെരേര (10 പന്തില്‍ 16) സിക്‌സറടിച്ചു. ജയത്തിലേക്ക് ഒപ്പം കൂടെനിന്നത് ധ്രുവ് ജൂറലും (38 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 53). നായകനും ഓപ്പണറുമായ യശസ്വി ജയ്‌സ്വാളിന്റെ പ്രകടനവും (23 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 43) ജയത്തില്‍ നിര്‍ണായകമായി.
ടോസ് നേടിയ രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ യശസ്വി ജയ്‌സ്വാള്‍ ലഖ്‌നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും (57 പന്തില്‍ അഞ്ച് സിക്‌സറും 11 ഫോറുമടക്കം 96) ജോഷ് ഇന്‍ഗ്ലിഷും (29 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 60) തകര്‍ത്തടിച്ചതോടെയാണ് ലഖ്‌നൗ 220 ലെത്തിയത്. ഓപ്പണിങ് കൂട്ടുകെട്ട് 21 പന്തില്‍ 50 റണ്ണെടുത്തു. ഇംഗ്ലിഷ് 23 പന്തിലും മാര്‍ഷ് 25 പന്തിലും അര്‍ധ സെഞ്ചുറിയടിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ലഖ്‌നൗ വിക്കറ്റ് പോകാതെ 86 റണ്ണെന്ന നിലയിലായിരുന്നു. 48-ാം പന്തില്‍ ടീം സ്‌കോര്‍ നൂറിലുമെത്തി. ഇംഗ്ലിഷിനെ യഷ് രാജ് പുജാര പുറത്താക്കിയതോടെ ഓപ്പണിങ് ജോഡി പിരിഞ്ഞു.




