
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവിനും കുറഞ്ഞ യാത്രാനിരക്കുകള്‍ക്കുമെതിരെ ഡല്‍ഹിയിലെ ടാക്‌സി, ഓട്ടോ യൂണിയനുകളുടെ 3 ദിവസത്തെ സമരം ആരംഭിച്ചു. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്, യുണൈറ്റഡ് ഫ്രണ്ട് ഓഫ് ഓള്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍സ് എന്നിവയുടെ കീഴിലുള്ള 68-ലധികം ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഡല്‍ഹിയിലെയും പരിസര നഗരങ്ങളിലെയും വാണിജ്യ വാഹന യൂണിയനുകള്‍ മേയ് 21 മുതല്‍ മേയ് 23 വരെ മൂന്ന് ദിവസത്തെ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നീക്കം ദേശീയ തലസ്ഥാന മേഖലയിലുടനീളം ക്യാബുകള്‍, ഓട്ടോറിക്ഷകള്‍, മറ്റ് നിരവധി ഗതാഗത സേവനങ്ങള്‍ എന്നിവ സ്തംഭിപ്പിക്കും. വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയും മാറ്റമില്ലാതെ തുടരുന്ന യാത്രാനിരക്കുകളും വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവുകളും ഡ്രൈവര്‍മാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായി യൂണിയനുകള്‍ പറയുന്നു.
പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന നിരവധി ഡ്രൈവര്‍മാര്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള നിരാശ പ്രകടിപ്പിച്ചു. പ്രതിഷേധം പൂര്‍ണ്ണമായും സമാധാനപരമായിരിക്കുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത ഏകദേശം 4 ലക്ഷത്തോളം ടാക്‌സി ഉടമകള്‍ സമരത്തെ പിന്തുണയ്ക്കുമെന്നും ഈ ദിവസങ്ങളില്‍ സര്‍വീസുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു.
തിങ്കളാഴ്ച, ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ തരണ്‍ജിത് സിംഗ് സന്ധുവിനും മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചിരുന്നു. ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുക, എന്‍ഹാന്‍സ്ഡ് കണ്‍ജഷന്‍ ചാര്‍ജുകള്‍ പിന്‍വലിക്കുക, വാണിജ്യ വാഹനങ്ങള്‍ക്കായുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
വര്‍ഷങ്ങളായി ഇന്ധനവില കുത്തനെ ഉയര്‍ന്നിട്ടും ഡല്‍ഹി-എന്‍സിആറിലെ ടാക്‌സി നിരക്കുകള്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി മാറ്റമില്ലാതെ തുടരുകയാണെന്ന് യൂണിയനുകള്‍ വാദിക്കുന്നു. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഡല്‍ഹി സര്‍ക്കാര്‍ ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യൂബര്‍, ഓല തുടങ്ങിയ ആപ്പ് അധിഷ്ഠിത ക്യാബ് സേവനങ്ങളുടെ ലഭ്യത, ഓട്ടോറിക്ഷാ സര്‍വീസുകള്‍, ഡല്‍ഹി-എന്‍സിആറിലുടനീളമുള്ള വാണിജ്യ ടാക്‌സി സര്‍വീസുകള്‍ തിരക്കേറിയ സമയങ്ങളിലെ പ്രാദേശിക യാത്രാ സൗകര്യങ്ങള്‍ എന്നിവയെ ബാധിക്കും. എന്നിരുന്നാലും, ഡല്‍ഹി മെട്രോ, ഡിടിസി, ബസ് സര്‍വീസ് ഉള്‍പ്പെടെയുള്ള അത്യാവശ്യ പൊതുഗതാഗത സേവനങ്ങള്‍ ലഭ്യമായിരിക്കും.






