
മെയ് 22-ന് ZR-V എന്ന പുത്തന്‍ മോഡല്‍ ഔദ്യോഗികമായി പുറത്തിറക്കാന്‍ ഒരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഇന്ത്യയില്‍ പുതുചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം പ്രീമിയം സെഗ്മെന്റിലായിരിക്കും ഇടംപിടിക്കുകയെന്നാണ് വിവരം. ആഗോള വിപണികളില്‍ തരംഗമായ ZR-V ഇവിടെയും ചരിത്രം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.
മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഇലുമിനേറ്റഡ് ഹോണ്ട ലോഗോ തന്നെയാണ് ഹൈലൈറ്റ്. ഒപ്പം L-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്‌നേച്ചറും ആഗോള വിപണികളില്‍ കാണപ്പെടുന്ന പരിചിതമായ ഫ്രണ്ട് ഗ്രില്‍ വിഭാഗവും ടീസറില്‍ കാണാം. ഏകദേശം 4.5 മീറ്റര്‍ നീളമുള്ള ZR-V ഹോണ്ടയുടെ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ മോഡലായിരിക്കും. മൊത്തത്തിലുള്ള വലിപ്പം നോക്കിയാല്‍ 4,568 mm നീളവും 1,840 mm വീതിയും 1,620 mm ഉയരവും 2,657 mm വീല്‍ബേസുമായിരിക്കും എസ്യുവിക്കുണ്ടാവുക. ഒപ്പം സ്ലീക്കായുള്ള രൂപഘടനയും ശക്തമായ റോഡ് പ്രസന്‍സുമുള്ള പ്രീമിയം, സ്പോര്‍ട്ടി ഡിസൈന്‍ ഏതൊരാളെയും വിസ്മയിപ്പിക്കും. എസ്യുവിയില്‍ ഇന്റഗ്രേറ്റഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വലിയ ഫ്രണ്ട് ഗ്രില്‍, എയറോഡൈനാമിക് റിയര്‍ സ്പോയിലര്‍ എന്നിവയെല്ലാം കൊടുത്തിട്ടുമുണ്ട്. ഹൈബ്രിഡ് എസ്യുവിയുടെ സ്പോര്‍ട്ടിനെസ് കൂടുതല്‍ ഉയര്‍ത്തുവാനായി ട്വിന്‍ എക്സ്ഹോസ്റ്റ് സജ്ജീകരണവും വാഹനത്തിന് സമ്മാനിക്കും.
ഫ്രീസ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പവര്‍ഡ് ടെയില്‍ഗേറ്റ്, വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, 12-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ADAS സ്യൂട്ട്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ്, 6 എയര്‍ബാഗുകള്‍ എന്നിവയാണ് ഇന്റീരിയറില്‍ പ്രതീക്ഷിക്കുന്ന മോഡേണ്‍ ഫീച്ചറുകള്‍. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളും ബാറ്ററി പായ്ക്കും ചേര്‍ന്ന ഹോണ്ടയുടെ 2.0 ലിറ്റര്‍ e:HEV ഹൈബ്രിഡ് സിസ്റ്റമാണ് ZR-V എസ്യുവിക്ക് തുടിപ്പേകുക.
ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 184 bhp കരുത്തില്‍ പരമാവധി 315 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. 22.2 കിലോമീറ്റര്‍ മൈലേജാണ് ഈ പ്രീമിയം എസ്യുവിയില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതായത് ഫുള്‍ടാങ്ക് നിറച്ചാല്‍ 1,000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനാവുമെന്ന് സാരം. പെര്‍ഫോമന്‍സിലേക്ക് നോക്കിയാല്‍ ഏകദേശം 8 സെക്കന്‍ഡിനുള്ളില്‍ 0-100 വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. എന്നാല്‍ പരമാവധി വേഗം 170 കിലോമീറ്ററായി ഹോണ്ട നിജപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.






