
കരിയറിന്റെ തുടക്കകാലത്ത് തന്നെ നിരസിച്ച അതേ റിയാലിറ്റി ഷോയുടെ വേദിയിലേക്ക് അതിഥിയായി തിരിച്ചെത്തി കൈയടി നേടി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന. പ്രമുഖ സംഗീത റിയാലിറ്റി ഷോയായ 'ഇന്ത്യൻ ഐഡലിന്റെ' വേദിയിലാണ് താരം തന്റെ പുതിയ ചിത്രമായ 'പതി പത്നി ഔർ വോ ദോ'യിലെ "ദിൽവാലെ ചോർ" എന്ന ഗാനം ഗിറ്റാർ വായിച്ച് ആലപിച്ചത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
താൻ ഏറെ കഷ്ടതകൾ അനുഭവിച്ചിരുന്ന കാലത്ത് ഈ ഷോയിൽ നിന്നും തഴയപ്പെട്ടിട്ടുണ്ടെന്നും, ഇപ്പോൾ അതേ വേദിയിൽ പ്രകടനം നടത്താൻ കഴിഞ്ഞതിൽ അത്ഭുതവും സന്തോഷവും തോന്നുന്നുവെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ ആയുഷ്മാൻ വ്യക്തമാക്കി.
വിധികർത്താക്കളായ ഗായിക ശ്രേയ ഘോഷാൽ, വിശാൽ ദദ്ലാനി എന്നിവർ ആയുഷ്മാന്റെ മികച്ച ആലാപനത്തെ അഭിനന്ദിക്കുകയും ചെയ്തു. ചിത്രത്തിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായ സാറ അലി ഖാൻ, വാമിഖ ഗബ്ബി, രാകുൽ പ്രീത് സിങ് എന്നിവരും ഈ പ്രകടനത്തിന് സാക്ഷിയാകാൻ ഒപ്പമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആരാധകരും താരത്തെ പ്രശംസകൊണ്ട് മൂടുകയാണ്.
ടെലിവിഷൻ പരിപാടികളിലൂടെ കരിയർ ആരംഭിച്ച ആയുഷ്മാൻ ഖുറാന, 2004-ൽ പ്രശസ്ത റിയാലിറ്റി ഷോയായ 'എംടിവി റോഡീസിന്റെ' വിജയിയായതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകനായും തിളങ്ങിയ അദ്ദേഹം, 2012-ൽ പുറത്തിറങ്ങിയ 'വിക്കി ഡോണർ' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ചുവടുവെച്ചത്. നിലവിൽ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന 'പതി പത്നി ഔർ വോ ദോ' എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ആവേശത്തിലാണ് താരം.






