
വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് സമീപമുള്ള സീക്രട്ട് സർവീസ് സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെ വെടിവെപ്പ് നടത്തിയ തോക്കുധാരി സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. മേരിലാൻഡ് സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ നാസിർ ബെസ്റ്റ് ആണ് കൊല്ലപ്പെട്ടത്. സുരക്ഷാ ഭടൻമാരിൽ നിന്ന് വെടിയേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന നാസിർ ബെസ്റ്റ് നേരത്തെ തന്നെ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് ഇയാൾ ഇന്ന് വീണ്ടും ഇവിടെയെത്തിയത്.
കഴിഞ്ഞ 2025 ജൂൺ 26-ന് വാഷിംഗ്ടണിലെ 15-ആം സ്ട്രീറ്റിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടർന്ന് നാസിറിനെ അധികൃതർ നിർബന്ധിത മാനസികാരോഗ്യ ചികിൽസയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ, ജൂലൈ 10-ന് വൈറ്റ് ഹൗസിലെ നിയന്ത്രിത കാൽനടയാത്രാ മേഖലയിലേക്ക് അതിക്രമിച്ചു കയറിയതിന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അന്ന് കസ്റ്റഡിയിലെടുത്ത സമയത്ത്, താൻ യേശുക്രിസ്തുവിന്റെ ആധുനിക രൂപമാണെന്നാണ് നാസിർ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. തനിക്ക് അറസ്റ്റിലാകാൻ 'ആഗ്രഹമുണ്ടായിരുന്നു' എന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.






