
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയന് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ' ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഞായറാഴ്ചയായിരുന്നു പിണറായി വിജയന്റെ 81-ാം പിറന്നാള്‍. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രമുഖര്‍ പിണറായി വിജയന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.
1945 മെയ് 24-ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയിലാണ് നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയായ പിണറായി വിജയന്‍ ജനിച്ചത്. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1970-ല്‍ തന്റെ 25-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002 മുതല്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമാണ്. കൂടാതെ, 1998 മുതല്‍ 2015 വരെ സി.പി.ഐ.എം കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറി എന്ന പദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ച വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
മുഖ്യമന്ത്രിയാകുന്നതിന് മുമ്പ്, ഇ. കെ. നായനാര്‍ മന്ത്രിസഭയില്‍ (1996-1998) വൈദ്യുതി, സഹകരണ വകുപ്പ് മന്ത്രിയായി പിണറായി വിജയന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.






