
തമിഴ് നടന്‍ രവി മോഹനും ഭാര്യയായിരുന്ന ആരതി രവിയും തമ്മിലുളള കുടുംബ തര്‍ക്കമാണ് സിനിമാലോകത്തെ ചര്‍ച്ച. ഇപ്പോഴിതാ ആരതിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഖുശ്ബു സുന്ദര്‍.
അടുത്തിടെ ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ തന്റെ കുടുംബപ്രശ്നങ്ങളെക്കുറിച്ച് രവി മോഹന്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹമോചന നടപടികൾ പൂർത്തിയാകും വരെ സിനിമയിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, തന്നെ കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ചു. ഈ പത്രസമ്മേളനത്തിനിടെ ഒരു നടിയെ അദ്ദേഹം 'ഇഡ്ഡലി നടി' എന്ന് വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇത് ഖുശ്ബുവിനെ ഉദ്ദേശിച്ചാണെന്ന തരത്തിലുള്ള വിലയിരുത്തലുകൾ ശക്തമാകുന്നതിനിടയിലാണ് ഖുശ്ബുവിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നത്.
ആരതിക്കും മക്കൾക്കുമൊപ്പമുള്ള ഒരു ചിത്രമാണ് ഖുശ്ബു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ആരതിയും കുട്ടികളും തന്റെ സ്വന്തം കുടുംബമാണെന്ന് വ്യക്തമാക്കുന്ന ഹാഷ്‌ടാഗോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഖുശ്ബുവിന്റെ മക്കളായ അവന്തിക, ആനന്ദിത, ആരതി, മക്കളായ ആരവ്, അയാൻ, ആരതിയുടെ അമ്മ സുജാത വിജയകുമാർ എന്നിവരും ഈ ചിത്രത്തിലുണ്ട്.
എന്നാൽ, ഖുശ്ബുവിന്റെ ഈ പരസ്യമായ പിന്തുണ രവിയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ മനഃപൂർവ്വം പ്രകോപിപ്പിക്കാനാണ് ഖുശ്ബു ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നതെന്നാണ് ആരാധകരുടെ ആരോപണം.
2009-ൽ വിവാഹിതരായ രവി മോഹനും ആരതിയും 2024-ലാണ് തങ്ങൾ വേർപിരിയുകയാണെന്ന വിവരം പുറത്തുവിട്ടത്. ഇതിനുപിന്നാലെ ഗായിക കെനീഷ ഫ്രാൻസിസുമായി രവിക്കുള്ള സൗഹൃദം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ കെനീഷയും രവിയും വേർപിരിഞ്ഞതായും വാർത്തകൾ വന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയം രവി വികാരാധീനനായി മാധ്യമങ്ങളെ കണ്ടത്.






