
ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമൊക്കെയായ അമൃത സുരേഷിന്റെ സഹോദരിയായിട്ടാണ് അഭിരാമി സുരേഷിനെ ആരാധകര്‍ കണ്ടറിഞ്ഞു തുടങ്ങിയത്. എന്നാലതിനൊക്കെ മുകളിലായി ഗായിക, സംഗീതസംവിധായിക, വീഡിയോ ജോക്കി വ്ലോഗര്‍, സംരംഭക എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന സോഷ്യല്‍ മീഡിയ താരമാണ് അഭിരാമി സുരേഷ്. അമൃതം ഗമയ എന്ന ബാന്‍ഡിലൂടെ സഹോദരി അമൃതയ്ക്കൊപ്പം നാട്ടിലും വിദേശത്തുമായി നിരവധി കൺസേർട്ടുകള്‍ അഭിരാമി നടത്താറുണ്ട്. തന്റെ യൂട്യൂബ് ചാനല്‍ വഴിയും ഗായിക എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഒരു ബിസിനസ് വുമണ്‍ കൂടിയായ അഭിരാമി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.
ഇപ്പോഴിതാ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് താൻ പങ്കുവെച്ച പോസ്റ്റ് പ്രണയത്തകർച്ചയായി വളച്ചൊടിക്കരുതെന്ന് കുറിക്കുകയാണ് ഗായിക അഭിരാമി സുരേഷ്. തന്നെ ചതിച്ച വ്യക്തിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആറോ ഏഴോ മാസങ്ങൾക്ക് മുമ്പ് മാത്രമാണ് ഈ വ്യക്തിയെ കണ്ടുമുട്ടിയതെന്നും അഭിരാമി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
‘‘വിഷയം പ്രണയമല്ല...
ഞാൻ പരാമർശിക്കുന്ന വ്യക്തിയുമായി എനിക്ക് വ്യക്തിപരമായ ഒരു ബന്ധവുമില്ല. ഏകദേശം ആറേഴ് മാസം മുമ്പ് പൂർണ്ണമായും ഔദ്യോഗിക ആവശ്യത്തിന് വേണ്ടി മാത്രമാണ് ഞാൻ അവരെ കണ്ടത്. അതുകൊണ്ട് ഈ സാമ്പത്തിക തട്ടിപ്പിനെ ഒരു ‘തകർന്ന പ്രണയകഥ’ അല്ലെങ്കിൽ വഞ്ചനാപരമായ വിവരണമാക്കി വളച്ചൊടിക്കുന്നത് ദയവായി നിർത്തുക. അത് പൂർണ്ണമായും തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. പ്രൊഫഷണൽ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് സംരംഭകര്‍ക്കും സംരംഭം സ്വപ്‌നം കാണുന്നവർക്കും മുന്നറിയിപ്പ് നൽകാൻ ബോധവാന്മാരാക്കാനും വേണ്ടി മാത്രമാണ് ഞാൻ അതിനെക്കുറിച്ച് സംസാരിച്ചത്...’’ എന്നാണ് അഭിരാമി കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ബിസിനസിൽ നേരിട്ട വലിയ വഞ്ചനയെ കുറിച്ച് അഭിരാമി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. സാമ്പത്തികമായും മാനസികമായും താൻ ആകെ തകർന്നുവെന്നും തിരിച്ചുവരവിന്റെ പാതയിലാണെന്നും അവർ കുറിച്ചിരുന്നു. ബിസിനസ് വിപുലീകരിക്കാൻ പണം നൽകാമെന്ന് വാഗ്ദാനം നൽകി സമീപിച്ച വ്യക്തി ഒടുവിൽ പണം നൽകേണ്ട ദിവസം മുങ്ങിയെന്ന് അഭിരാമി കുറിച്ചിരുന്നു.
തന്റെ ബിസിനസ്സ് വ്യാപിപ്പിക്കാനും വർഷങ്ങളായി താൻ കണ്ട സ്വപ്നങ്ങളിലേക്ക് നടന്നുടുക്കാനും ശ്രമിക്കുന്നതിനിടയിൽ, ചെന്നുവീണത് ഒരു സാമ്പത്തിക കെണിയിലായിരുന്നുവെന്നും. അങ്ങേയറ്റം വിശ്വസ്തനും മാന്യനും പ്രൊഫഷണലുമായി തോന്നിച്ച ഒരാളാണ് ഈ കെണിയൊരുക്കിയതെന്നും ഇൻസ്റ്റഗ്രാമിലൂടെ അഭിരാമി കുറിച്ചിരുന്നു.
‘‘കഴിഞ്ഞ കുറച്ചു മാസങ്ങളായി പലരും എന്നോട് ചോദിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ എങ്ങോട്ടാണ് അപ്രത്യക്ഷയായതെന്ന്, എന്തുകൊണ്ടാണ് ഞാൻ ഇത്രയധികം അകന്നുപോയതെന്ന്, എന്തുകൊണ്ടാണ് മുൻപത്തെപ്പോലെ ഞാൻ ആളുകൾക്കിടയിലേക്ക് വരാത്തതെന്ന്. ഇതാണ് അതിനുള്ള എന്റെ മറുപടി. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിലും ഈ വർഷത്തിന്റെ തുടക്കത്തിലുമായി, എന്റെ ബിസിനസ്സ് വ്യാപിപ്പിക്കാനും വർഷങ്ങളായി ഞാൻ കണ്ട സ്വപ്നങ്ങളിലേക്ക് നടന്നുടുക്കാനും ശ്രമിക്കുന്നതിനിടയിൽ, ഞാൻ ചെന്നുവീണത് ഒരു സാമ്പത്തിക കെണിയിലായിരുന്നു. അങ്ങേയറ്റം വിശ്വസ്തനും മാന്യനും പ്രൊഫഷണലുമായി തോന്നിച്ച ഒരാളാണ് ഈ കെണിയൊരുക്കിയത്.
ഈ വ്യക്തിയുടെ പേരുവിവരങ്ങൾ ഞാൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല; കാരണം നിയമപരമായ നടപടികൾ പുരോഗമിക്കുകയാണ്, എനിക്കും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്. എന്നാൽ, ഇതൊരു സ്ഥിരം രീതിയാണെന്നും എന്നെപ്പോലെ കൂടുതൽ ആളുകൾ ഇയാളുടെ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെന്നും ബോധ്യപ്പെട്ടാൽ, മറ്റാരും ഇത്തരമൊരു കുഴിയിൽ വീഴാതിരിക്കാൻ ഞാൻ തീർച്ചയായും പരസ്യമായി മുന്നോട്ടുവരിക തന്നെ ചെയ്യും.
വളരാൻ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനെയും പോലെ, തികച്ചും ആത്മാർത്ഥമായ ഒരു അവസരമായാണ് ഞാൻ അതിനെ കണ്ടത്. വാഗ്ദാനങ്ങൾ വളരെ വലുതായിരുന്നു. അവരുടെ സമീപനം വളരെ ചിട്ടയായതും, വിശ്വസനീയവും, ഏതാണ്ട് ഒരു ബാങ്ക് ഇടപാട് പോലെയുമായിരുന്നു. വലിയ സ്വപ്നങ്ങളുമായി, സ്വന്തം നിലയിൽ എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന, എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിച്ച പ്രിയപ്പെട്ട മനുഷ്യർക്ക് അർഹമായത് നൽകി എല്ലാറ്റിനെയും കൂടുതൽ വ്യവസ്ഥാപിതമാക്കാൻ ആഗ്രഹിച്ച ഒരാളെ സംബന്ധിച്ച് -ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആ വലിയ വഴിത്തിരിവാണ് ഇതെന്നാണ് എനിക്ക് തോന്നിയത്.
അതുകൊണ്ട് ഞാൻ അത് വിശ്വസിച്ചു. ആ വിശ്വാസത്തിന് ഞാൻ വലിയ വില നൽകേണ്ടി വന്നു. ആ വാഗ്ദാനങ്ങളുടെ പുറത്ത് ഞാൻ പലർക്കും ഉറപ്പുകൾ നൽകി. ബിസിനസ്സ് വിപുലീകരിക്കാൻ പദ്ധതികൾ തയാറാക്കി. ഫണ്ടുകൾ സമാഹരിച്ചു. ആളുകൾക്ക് എന്റെ വാക്ക് നൽകി. ഈ പിന്തുണ വന്നുചേരുമെന്ന പൂർണ്ണ പ്രതീക്ഷയിൽ ഞാൻ എന്റെ ഭാവി മുഴുവൻ അതിനനുസരിച്ച് ക്രമീകരിച്ചു. എന്നാൽ, കൃത്യമായി ആ തുക കൈമാറേണ്ട ദിവസം, ആ വ്യക്തി അപ്രത്യക്ഷനായി. വെറുതെ അങ്ങനെ, പെട്ടെന്ന്.
പക്ഷേ, അയാൾക്കൊപ്പം എന്റെ ബാധ്യതകൾ അപ്രത്യക്ഷമായില്ല. ഞാൻ വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്തതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തകർന്നു വീണു. എന്റെ സാമ്പത്തിക അടിത്തറ തകർന്നു. എന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. പൂർണ്ണമായ ആത്മാർത്ഥതയോടെ ഞാൻ നൽകിയ വാക്കുകൾ പാലിക്കാൻ കഴിയാതെ വന്നു. എല്ലാറ്റിനെയും കൂട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതിനും മുങ്ങിത്താഴാതിരിക്കാൻ പോരാടുന്നതിനുമിടയിൽ, ഞാൻ മാനസികമായി പൂർണ്ണമായും തകർന്നുപോയി.
ഞാൻ ഫോണുകൾ എടുക്കുന്നത് നിർത്തി. ചടങ്ങുകളിൽ പങ്കെടുക്കുന്നത് അവസാനിപ്പിച്ചു. എന്റെ കണ്ടന്റ് ക്രിയേഷൻ നിർത്തിവെച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ അപ്രത്യക്ഷയായി. എന്നെ ബന്ധപ്പെടാൻ സാധിച്ചിരുന്ന നമ്പറുകൾ പോലും ഞാൻ ഉപയോഗിക്കാതായി; കാരണം ദിവസേന ആളുകളെയും അവരുടെ ചോദ്യങ്ങളെയും പ്രതീക്ഷകളെയും നിരാശയെയും നേരിടാനുള്ള ശേഷി എനിക്കിനി അവശേഷിച്ചിരുന്നില്ല. ആളുകൾ പുറംലോകം മാത്രം കണ്ട് എല്ലാം സാധാരണ നിലയിലാണെന്ന് കരുതി. എന്നാൽ അണിയറയിൽ സമ്മർദ്ദം, ഭയം, കുറ്റബോധം, നാണക്കേട്, ഉത്കണ്ഠ, നിരാശ എന്നിവയോട് ഒരേസമയം ഞാൻ നിശ്ശബ്ദമായി പോരാടുകയായിരുന്നു. ഇത് വെറുമൊരു സാമ്പത്തിക നഷ്ടം മാത്രമായിരുന്നില്ല; ഇതൊരു വലിയ മാനസിക ആഘാതമായിരുന്നു.







Comments