
റാഞ്ചി: മനുഷ്യക്കടത്തിന് ഇരയായി രാജസ്ഥാനിൽ 3 ലക്ഷം രൂപയ്ക്ക് വിറ്റ ജാർഖണ്ഡിലെ സിംഡേഗ സ്വദേശിനിയായ 22-കാരിയെ ജാർഖണ്ഡ് പോലീസ് രക്ഷപ്പെടുത്തി.
സിംഡേഗ ജില്ലയിലെ കുർദേഗ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതിയെ, ജോലി വാഗ്ദാനം ചെയ്ത് അയൽഗ്രാമത്തിലെ ഒരാൾ 2023-ൽ ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഡൽഹിയിലെ ഒരു പ്ലേസ്മെന്റ് ഏജൻസി വഴി യുവതിയെ ആദ്യം ഒരു വീട്ടിൽ ഗാർഹിക ജോലിക്കായി നിർത്തിയിരുന്നതായി ഡിഎസ്പി (ഹെഡ്ക്വാർട്ടേഴ്സ്) രൺവീർ സിംഗ് പറഞ്ഞു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവർ അവിടെനിന്നും ഓടിപ്പോയി.
ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് സ്റ്റാൻഡിന് സമീപം അലഞ്ഞുതിരിയുകയായിരുന്ന യുവതിയെ മീററ്റിൽ നിന്നുള്ള ഒരു ദമ്പതികൾ കൂടെക്കൂട്ടി. ഈ ദമ്പതികൾ പിന്നീട് ഇവരെ ഇന്ത്യ-പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള ബാർമറിലെ ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു. അവരിൽ നിന്ന് യുവതിക്ക് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായും തടങ്കലിൽ കഴിയുന്നതിനിടയിൽ അവർ ഒരു കുഞ്ഞിന് ജന്മം നൽകിയതായും പോലീസ് അറിയിച്ചു. യുവതി എങ്ങനെയോ തന്റെ അമ്മയെ ഫോണിൽ ബന്ധപ്പെടുകയും താൻ അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് യുവതിയുടെ മാതാപിതാക്കൾ മെയ് 20-ന് സിംഡേഗയിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക പോലീസ് സംഘം രൂപീകരിക്കുകയും യുവതിയെ ബാർമറിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തതായി പൊലീസ് അധികൃതർ അറിയിച്ചു.






