
ദോഹ: ലാറ്റിനമേരിക്കന്‍ ടീമിനായി ആര്‍പ്പുവിളിക്കുന്ന മലയാളികളായ ഫുട്ബോള്‍ ആരാധകര്‍ക്ക് ചിലപ്പോള്‍ ഖത്തറിന് വേണ്ടി ആവേശം കൊള്ളാനും അവസരം. ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ അയര്‍ലന്റിനെതിരേയുള്ള സൗഹൃദമത്സരത്തിന് മുന്നോടിയായുള്ള 28 അംഗ സ്ക്വാഡില്‍ മലയാളി താരം തഹ്സിന് മുഹമ്മദ് ഇടം നിലനിര്‍ത്തി.
സീനിയര്‍ കളിക്കാരെ ഒഴിവാക്കിക്കൊണ്ട് കോച്ച് ജുലന് ലോപറ്റെഗുയി പ്രഖ്യാപിച്ച പരിഷ്കരിച്ച ടീമിലാണ് 19 കാരന് ഇടംപിടിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന 35 അംഗ പ്രാഥമിക ടീമിനെ വെട്ടിച്ചുരുക്കിയാണ് ഇപ്പോള്‍ 28 പേരാക്കിയത്. അയര്‍ലന്‍ഡിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തിന് ശേഷമായിരിക്കും ലോകകപ്പിനുള്ള അന്തിമ 26 അംഗ ടീമിനെ ഖത്തര്‍ പ്രഖ്യാപിക്കുക.
ഈ ഫൈനല്‍ ലിസ്റ്റിലും ഇടം നേടാനായാല്‍, ഫിഫ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്ന ചരിത്രത്തിലെ ആദ്യ മലയാളി എന്ന സുവര്‍ണ്ണ റെക്കോര്‍ഡ് തഹ്സിന് സ്വന്തമാകും. ജൂണ്‍ രണ്ട് വരെയാണ് ഫിഫ ലോകകപ്പിനുള്ള അന്തിമ സ്ക്വാഡ് സമര്‍പ്പിക്കാന്‍ ഖത്തറിന് സമയമുള്ളത്. രണ്ടാഴ്ചത്തെ കഠിനമായ ഖത്തറിലെ പരിശീലന ക്യാമ്പിന് ശേഷം അയര്‍ലന്‍ഡുമായി ഡബ്ലിനില്‍ വെച്ച് ഏറ്റുമുട്ടാനാണ് ഖത്തര്‍ സംഘത്തിന്റെ പുറപ്പാട്.
ടീം 28 അംഗങ്ങളായി ചുരുങ്ങിയപ്പോള്‍ മുന്‍നിര സീനിയര്‍ താരങ്ങളായ സെബാസ്റ്റ്യന്‍ സോരിയ, താരെക് സല്മാന് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടമായി. ഇവര്‍ക്ക് പുറമെ ബാസം അല്‍റാവി, മുഹമ്മദ് വാദ്, മുബാറക് ഷനാന്‍, നിയാല്‍ മേസന്, ഫഹദ് യൂനസ് എന്നിവരെയും പരിശീലകന് ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജൂണ്‍ ആറിന് എല്‍ സാല്‍വദോറിനെതിരെയും ഖത്തര്‍ സന്നാഹ മത്സരം കളിക്കുന്നുണ്ട്.
ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശിനി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിന്.
മലയാളി മാതാപിതാക്കളുടെ മകനാണെങ്കിലും തഹ്സീദന് ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്.
കൗമാരപ്രായത്തില്‍ തന്നെ ഖത്തറിന്റെ അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ദേശീയ ടീമുകളില്‍ കളിച്ച താരം പതിനേഴാം വയസ്സില്‍ പ്രശസ്ത ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബ്ബായ 'അല്‍ ദുഹൈലിനായി' ബൂട്ട് കെട്ടി. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന് എന്ന റെക്കോര്‍ഡും ഈ പത്തൊന്പതുകാരന്റെ പേരിലാണ്. ലോകകപ്പില്‍ കളിച്ചാല്‍ അതും വലിയ റെക്കോഡായി മാറും.





