
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദാക്കിയ ഉത്തരവ് ഹൈക്കോടതി റദാക്കി. ആകാശ് തില്ലങ്കേരി അടക്കം പതിനേഴ് പ്രതികളുടെ ജാമ്യം കഴിഞ്ഞ ദിവസം വിചാരണ കോടതി റദാക്കിയിരുന്നു. തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ആണ് റദ്ദാക്കിയത്.
കഴിഞ്ഞ 18നാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു.ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികൾ അപ്പീൽ നൽകിയിരുന്നു. ഇതോടൊപ്പം കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെയും സമീപിച്ചു. ഈ സാഹചര്യത്തിൽ വിചാരണയുമായി സഹകരിക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിയത്.
സിപിഐഎം - ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34) പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ.അസ്കർ (34), മുട്ടിൽവീട്ടിൽ കെ.അഖിൽ (30),പുതിയപുരയിൽ പി.പി.അൻവർ സാദത്ത് (30),നിലാവിൽ സി.നിജിൽ (30),പി.കെ.അഭിനാഷ് (32), എ.ജിതിൻ (30),സാജ് നിവാസിൽ കെ.സഞ്ജയ് (31), രജത് നിവാസിൽ കെ..രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടിൽ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ.






