
അമ്പലപ്പുഴ: തന്റെ നൂറുമേനി വിജയംകണ്ട് ആഹ്ളാദിക്കാന്‍ പിതാവില്ലാത്തതിന്റെ ദു:ഖം ഉള്ളിലൊതുക്കി മീര. പ്ളസ് ടു പരീക്ഷയ്ക്ക് തന്നെ കൈ പിടിച്ചു കൊണ്ടു പോയ പിതാവ് മരിച്ച് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് ഫലപ്രഖ്യാപനം വന്നപ്പോള്‍ മീരക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. എങ്കിലും ഈ സന്തോഷം പങ്കിടാന്‍ തന്റെ അച്ഛനില്ലല്ലോ എന്ന സങ്കടത്തിലാണ് മീര.
വണ്ടാനം ഉലവന്റെ തറയില്‍ രാജേഷാണ് മൂന്നു ദിവസം മുന്‍പ് കരള്‍ രോഗ ബാധയെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്. മൂത്ത മകള്‍ മീര അമ്പലപ്പുഴ കെ.കെ. കുഞ്ചു പിള്ള സ്കൂളിലായിരുന്നു ഹയര്‍ സെക്കന്‍ഡറി പഠനം. വെല്‍ഡറായിരുന്ന രാജേഷ് തന്റെ ജോലിത്തിരക്കിനിടയിലും മകളെ സ്കൂളില്‍ കൊണ്ടുപോയിരുന്നു.
എസ്.എസ്.എല്‍.സി പരീക്ഷ്യ്ക്കും മീരക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു. ഈ സമയത്തും രാജേഷ് രോഗ ബാധിതനായി ആശുപത്രിയിലായിരുന്നു. എങ്കിലും മീര മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. കരള്‍ രോഗം കൂടിയതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രാജേഷ് ഞായറാഴ്ചയാണ് മരണമടഞ്ഞത്. ഇന്നലെ മകളുടെ റിസള്‍ട്ട് വന്നപ്പോള്‍ ഈ സന്തോഷം പങ്കിടാന്‍ തന്നെ കൈപിടിച്ച് നടത്തിയ പിതാവ് ഒപ്പം ഇല്ലാത്തതിന്റെ ദു:ഖത്തിലാണ് മീര.






