
ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ വിനേഷ് ഫോഗട്ടിന് 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ അനുമതി. നേരത്തെ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാനായിരുന്നു അവരോട് ആവശ്യപ്പെട്ടിരുന്നത്. ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാനാണ് ശനിയാഴ്ച റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയത്.
2024 ലെ ഒളിമ്പിക്സില്‍ അവര്‍ 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. ഒളിമ്പിക് ഫൈനലില്‍ മത്സരിക്കുന്നതില്‍ നിന്ന് 100 ഗ്രാം ഭാരം കൂടിയതിനെ തുടര്‍ന്ന് ഈ വെറ്ററന്‍ ഗുസ്തി താരത്തെ അയോഗ്യയാക്കിയിരുന്നു. തന്റെ മൂന്നാമത്തെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ലക്ഷ്യമിടുന്ന വിനേഷ്, ട്രയല്‍സിനായി രാവിലെ ഏകദേശം 7:00 മണിയോടെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
2014 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2018 ല്‍ സ്വര്‍ണ്ണവും അവര്‍ നേടിയിട്ടുണ്ട്. ഭാരപരിശോധന വേളയില്‍ 100 ഗ്രാം ഭാരം കൂടുതലായതിനെ തുടര്‍ന്നാണ് ഒളിമ്പിക് ഫൈനലില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. ഈ സംഭവം അവരുടെ കരിയറിലെ വലിയൊരു തിരിച്ചടിയാവുകയും, പാരീസ് 2024 ഒളിമ്പിക്സിന് ശേഷം വിരമിക്കല്‍ പ്രഖ്യാപനത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ അയോഗ്യത മെഡല്‍ നേടാനുള്ള അവരുടെ അവസരത്തെ ബാധിച്ചുവെന്ന് മാത്രമല്ല, ഗുസ്തിയിലെ ഭാര നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. സുപ്രീം കോടതിയില്‍ നിന്നുള്ള അനുമതിക്ക് ശേഷമാണ് ട്രയല്‍സില്‍ വിനേഷിന്റെ പങ്കാളിത്തം അംഗീകരിക്കപ്പെട്ടത്.
ട്രയല്‍സില്‍ മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന ഡബ്ല്യു.എഫ്.ഐയുടെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്തിരുന്നു. വിരമിച്ച കായികതാരങ്ങള്‍ക്ക് ആറ് മാസത്തെ ഉത്തേജക മരുന്ന് പരിശോധനാ കാലയളവ് വേണമെന്ന ആന്റി-ഡോപ്പിംഗ് നിയമങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഗുസ്തി ഫെഡറേഷന് യോഗ്യത നിഷേധിച്ചത്. പാരീസ് ഒളിമ്പിക്സിലെ അയോഗ്യതയെ തുടര്‍ന്നായിരുന്നു വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് 2025 ഡിസംബറിലാണ് അവര്‍ സജീവ കായികരംഗത്തേക്കുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
മെയ് 22-ന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ മത്സരിക്കാന്‍ ഹൈക്കോടതി വിനേഷിന് അനുമതി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡബ്ല്യു.എഫ്.ഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവില്‍, അവര്‍ക്ക് മത്സരിക്കാന്‍ അനുമതി ലഭിച്ചു.






