
ചണ്ഡീഗഡ്: ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെ നീരജ് ചോപ്ര അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു. രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് 21-ന് നടക്കുന്ന ''അത്‌ലറ്റിസിമ'' എന്നറിയപ്പെടുന്ന ലൂസാന്‍ ഡയമണ്ട് ലീഗില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
ഗ്ലാസ്‌ഗോ ഗെയിംസിനേക്കാള്‍ കടുത്ത മത്സരമായിരിക്കും ഇവിടെ കാത്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ 89.75 മീറ്റര്‍ എറിഞ്ഞ് നീരജിനെ മറികടന്ന് സ്വര്‍ണം നേടിയ ശ്രീലങ്കയുടെ റുമേഷ് പതിരാഗെയാണ് നിലവിലെ ലോക ഒന്നാം നമ്പറും പ്രധാന എതിരാളിയും.
പാകിസ്‌താന്റെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ അര്‍ഷാദ് നദീം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ നിലവിലെ ലോക ചാമ്പ്യന്‍ കേഷോണ്‍ വാല്‍ക്കോട്ട്, മുന്‍ ഒളിമ്പിക്/ലോക ജേതാവ് ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഡയമണ്ട് ലീഗില്‍ മത്സരിക്കും.
ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് പോളണ്ടിന്റെ യാക്കൂബ് വാദ്‌ലെജ്, ജര്‍മനിയുടെ ജൂലിയന്‍ വെബര്‍, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് താരം കുര്‍ട്ടിസ് തോംസണ്‍ എന്നിവരും ജാവലിന്‍ എറിയും.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ മാറ്റുരച്ച അഞ്ച് പേര്‍ ഈ ലീഗിലും പങ്കെടുക്കുന്നതിനാല്‍ മത്സരം കനക്കും. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ നീരജ് ചോപ്ര തന്റെ ആദ്യ ശ്രമത്തില്‍ 80.97 മീറ്ററാണ് എറിഞ്ഞത്. രണ്ടാം ശ്രമത്തില്‍ 85.83 മീറ്ററാക്കി. അതാണ് മത്സരത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ദൂരം. തുടര്‍ന്ന് 81.29 മീറ്റര്‍, 80.73 മീറ്റര്‍ എന്നിങ്ങനെയായിരുന്നു പ്രകടനം.
അവസാന രണ്ട് ശ്രമങ്ങള്‍ ഫൗളായി. ''വെള്ളിയില്‍ വളരെ സന്തുഷ്‌ടനാണ്. ദേശീയഗാനം കേള്‍ക്കുമ്പോഴൊക്കെ സന്തോഷം തോന്നാറുണ്ട്. വെള്ളി കിട്ടിയതില്‍ കുഴപ്പമില്ല, കാരണം വ്യക്‌തിപരമായ ഏറ്റവും മികച്ച പ്രകടനം നടത്തി, തിരിച്ചുവരവ് മെച്ചപ്പെടുന്നുണ്ട്'' നീരജ് പറഞ്ഞു. സെപ്‌റ്റംബറില്‍ ആരംഭിക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി നീരജ്, അര്‍ഷാദ് നദീം, പതിരഗെ തുടങ്ങിയവര്‍ക്കു മികവ് രാകി മിനുസപ്പെടുത്താനുള്ള മികച്ച വേദി കൂടിയാത് ഡയമണ്ട് ലീഗ്.





Comments