
ഒമാഹ: അമേരിക്കയിലെ ഹോട്ടലിൽ വെച്ച് മനുഷ്യക്കടത്തുകാർക്ക് പണം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 27 കാരനായ ഇന്ത്യൻ യുവാവിന് 10 വർഷം തടവുശിക്ഷ ലഭിച്ചു. ഗുജറാത്ത് സ്വദേശിയായ കവൻകുമാർ പട്ടേൽ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.
നെബ്രാസ്കയിലെ ഒമാഹയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു കവൻ കുമാർ. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2025 ജനുവരി 6-ന് ഹോട്ടലിൽ നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്ന് ഹോംലാൻഡ് സെക്യൂരിറ്റി ടാസ്ക് ഫോഴ്സും ഒമാഹ പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ 15-ഉം 16-ഉം വയസ്സുള്ള രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടലിൽ നിന്ന് രക്ഷപ്പെടുത്തി. ലൈംഗിക വ്യാപാരത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവരെ ഈ 'അമേരിക്കിൻ' എന്ന ഹോട്ടലിൽ എത്തിക്കുകയായിരുന്നു.
ഹോട്ടലിലെ റൂം വാടക കുറച്ചു നൽകുന്നതിനായി ഹോട്ടൽ ജീവനക്കാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ മനുഷ്യക്കടത്തുകാർ തങ്ങളെ നിർബന്ധിച്ചതായി പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ഇതിന് തയ്യാറായില്ലെങ്കിൽ ഹോട്ടലിൽ നിന്ന് ഇറക്കിവിടുമെന്നായിരുന്നു ഭീഷണി. ഹോട്ടലിലെ രണ്ട് ജീവനക്കാർ മനുഷ്യക്കടത്തുകാർക്ക് പണം നൽകി പെൺകുട്ടികളിൽ ഒരാളെ പീഡിപ്പിക്കുകയും, മൂന്നാമത്തെ ജീവനക്കാരൻ രണ്ടാമത്തെ പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തതായി നെബ്രാസ്കയിലെ യുഎസ് അറ്റോർണി ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
താൻ ഹോട്ടലിലെ പണമെടുത്ത് മനുഷ്യക്കടത്തുകാർക്ക് നൽകിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കവൻകുമാർ പട്ടേൽ സമ്മതിച്ചു. പകരമായി പെൺകുട്ടികൾക്കും മനുഷ്യക്കടത്തുകാർക്കും ദിവസങ്ങളോളം ഹോട്ടലിൽ താമസിക്കാൻ ജീവനക്കാർ അനുവാദം നൽകുകയും ചെയ്തു.
മനുഷ്യക്കടത്തുകാർ പെൺകുട്ടികളെക്കുറിച്ചുള്ള പരസ്യങ്ങൾ ഓൺലൈനിൽ നൽകിയാണ് ആളുകളെ ആകർഷിച്ചിരുന്നത്. തങ്ങൾക്ക് കൃത്യമായി ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നും, അവർ പറയുന്നതനുസരിച്ച് ലൈംഗികവൃത്തിയിൽ ഏർപ്പെടുകയല്ലാതെ തങ്ങൾക്ക് മറ്റ് വഴികളില്ലായിരുന്നുവെന്നും പെൺകുട്ടികൾ മൊഴി നൽകി. അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുകയായിരുന്ന കവൻകുമാർ പട്ടേലിനെ ജയിൽശിക്ഷ പൂർത്തിയായ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തും.






