
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ നിർണായക വിവരവുമായി ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജ്ജിന്റെ കത്ത്. പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട് എന്നും അതിനാൽ അതേക്കുറിച്ചും അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ കിട്ടിയ പണം മാറ്റിയിട്ടുണ്ടെന്ന് ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് ആരോപിക്കുന്നു. വീണ തയ്ക്കണ്ടി, സുനീഷ്. എം എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത്. എസ്എൻസി ലാവലിൻ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് വന്ന പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് പറയുന്നു. വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നാണ് തനിക്ക് വിവരം കിട്ടിയതെന്നും ഷോൺ ജോർജ് വ്യക്തമാക്കുന്നു.
സിഎംആർഎല്ലുമായുള്ള ഇടപാടിൽ യാതൊരുവിധ സേവനവും നൽകാതെയാണ് എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡുകൾക്ക് ശേഷം വീണയുടെ ഒരു അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. വീണയുടെ സമ്പാദ്യ വിവരങ്ങളും സ്ഥിരനിക്ഷേപ രേഖകളും ഇഡി കൃത്യമായി പരിശോധിച്ചശേഷമായിരുന്നു ഇത്.






