
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ വരുന്ന നീല സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. കേരളത്തില്‍ 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരുസിലിണ്ടറിന് 3131 രൂപയായി. അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നുമില്ല. രാജ്യത്ത് നിലവില്‍ ഇന്ധനക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ സിലിണ്ടറിന് 42 രൂപയുടെ വര്‍ധനവാണുള്ളത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. കൊല്‍ക്കത്തയില്‍ 53 രൂപയും സിലിണ്ടറിന് വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍പിജി(എഫ്ടിഎല്‍) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വര്‍ധനവുണ്ട്. ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡല്‍ഹിയിലെ വില 821.50 രൂപയായി. മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വര്‍ധനവാണ് അന്നുണ്ടായത്.
ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ വില പുതുക്കല്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രമാണ് ബാധകം. വീടുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. പ്രതിദിനം ഏകദേശം 72,000 ടണ്‍ ആവശ്യകതയുള്ളതില്, രാജ്യത്തെ റിഫൈനറികള്‍ ഇപ്പോള്‍ പ്രതിദിനം 50,000 മുതല്‍ 52,000 ടണ്‍ വരെ എല്‍.പി.ജി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ബാക്കി വരുന്നവ ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.






