
തിരുവനന്തപുരം: മില്‍മ പാല്, തൈര് എന്നിവയ്ക്ക് സംസ്ഥാനത്ത് പ്രഖ്യാപിച്ച വിലവര്‍ധനവ് ഇന്നുമുതല്‍ നിലവില്‍ വന്നു. നെയ്യ് ഉള്‍പ്പെടെയുള്ള മറ്റ് മില്‍മ ഉല്‍പ്പന്നങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വില കൂടാന്‍ സാധ്യതയുണ്ട്. പാക്കറ്റുകളില്‍ പുതിയ വില അച്ചടിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരു മാസത്തോളമെടുക്കും.
പുതുക്കിയ വിലവിവരങ്ങള്‍ വെച്ച് അരലിറ്റര്‍ മഞ്ഞക്കവര്‍ പാലിന് 27 രൂപയും നീല, ഓറഞ്ച് കവര്‍ പാലിന് 30 രൂപയും പച്ചക്കവര്‍ പാലിന് 32 രൂപയും ആയിരിക്കും. തൈര് ക്ലാസ്സിക്കിന് 40 രൂപയും തൈര് എലൈറ്റിന് 45 രൂപയുമാണ് വില. പാല് ലിറ്ററിന് 4 രൂപയും, തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നെയ്യ് ഉള്‍പ്പെടെയുള്ള മറ്റ് മില്‍മ ഉല്‍പ്പന്നങ്ങള്‍ക്കും വരുംദിവസം വില കൂടാന്‍ സാധ്യതയുണ്ട്.
നിലവില്‍ പഴയ വില രേഖപ്പെടുത്തിയ കവറുകളാകും വിപണിയിലുണ്ടാവുക, എങ്കിലും പുതിയ നിരക്കായിരിക്കും ഈടാക്കുക. പാചകവാതക വിലവര്‍ധനവിന് തൊട്ടുപിന്നാലെ പാല്പദാര്ത്ഥങ്ങള്ക്കും വിലകൂടിയത് സാധാരണക്കാരെയും ഹോട്ടല്‍ മേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് ഹോട്ടല്‍ ഭക്ഷണസാധനങ്ങളുടെ വില കൂടാന്‍ കാരണമായേക്കും.
വില കൂട്ടാനുള്ള കാരണംക്ഷീരമേഖലയിലെ കടുപ്പമേറിയ ചെലവുകള്‍ കണക്കിലെടുത്താണ് മില്‍മ ഈ തീരുമാനമെടുത്തത്. ഇതിനുമുമ്പ് 2022 ഡിസംബര്‍ 1-നാണ് മില്‍മ അവസാനമായി പാല്‍വില വര്‍ദ്ധിപ്പിച്ചത്. അന്ന് ലിറ്ററിന് 6 രൂപയാണ് കൂട്ടിയിരുന്നത്. വര്‍ദ്ധിപ്പിച്ച 4 രൂപയില്‍ 83.75 ശതമാനവും (അതായത് 3.35 രൂപ) നേരിട്ട് കര്‍ഷകരിലേക്ക് എത്തുന്ന രീതിയിലാണ് പുതിയ ക്രമീകരണം. എന്നാല്‍ കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം കാരണം ഈ തുക ഒട്ടും പര്യാപ്തമല്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.






