
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് ഫൈനലില്‍ കടന്നില്ലെങ്കിലും ഈ സീസണിലെ വിസ്മയം അവരുടെ കൗമാരതാരം വൈഭവ് സൂര്യവംശിയായിരുന്നു. ഐപിഎല്‍ 2026-ല്‍ 776 റണ്‍സ് നേടി വൈഭവ് സൂര്യവംശി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരം ഈ സീസണില്‍ പണപ്പെട്ടിയിലേക്ക് സമ്പാദിച്ചുകൂട്ടിയത് എത്രയാണെന്നറിയാമോ? റിറ്റെയ്നര് തുക, മാച്ച് ഫീ, ക്യാഷ് പ്രൈസുകള്‍ എന്നിവയിലൂടെ നേടിയത് 2.50 കോടി.
മെഗാ ലേലത്തില്‍ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന് റോയല്‍സ് സൂര്യവംശിയെ വാങ്ങിയത്. ഈ വര്‍ഷം സൂര്യവംശിയുടെ അടിസ്ഥാന റിറ്റെയ്നര് തുക അതുതന്നെയായിരുന്നു വെങ്കിലും, അദ്ദേഹത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാരണം യഥാര്‍ത്ഥ വരുമാനം ഇതിലും വളരെ കൂടുതലായിരുന്നു. അതിന്റെ ഗുണം പയ്യന് കാട്ടുകയും ചെയ്തു. 15 വയസ്സുകാരനായ പ്രതിഭ ഈ സീസണില്‍ 776 റണ്‍സ് അടിച്ചുകൂട്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി.
രാജസ്ഥാന് റോയല്‍സ് ഐപിഎല്‍ ഫൈനലിലേക്ക് യോഗ്യത നേടിയില്ലെങ്കിലും, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സൂര്യവംശി പങ്കെടുത്തു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം ചൂടിയതിന് ശേഷം നടന്ന പ്രസന്റേഷന് ചടങ്ങിലേക്ക് സൂര്യവംശിയെ ക്ഷണിക്കുകയും, ഈ സീസണിലെ മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ ആയി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. സമ്മാനദാന ചടങ്ങില്‍ മറ്റ് നിരവധി വ്യക്തിഗത ബഹുമതികളും അതിനോടൊപ്പമുള്ള ക്യാഷ് പ്രൈസുകളും നേടി.
ഈ സീസണില്‍ രാജസ്ഥാന് വേണ്ടി ആകെ 16 മത്സരങ്ങള്‍ കളിച്ച അദ്ദേഹം, മാച്ച് ഫീസായി മാത്രം 1.20 കോടി രൂപ നേടി. മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ വിഭാഗത്തില്‍ 15 ലക്ഷം രൂപ കിട്ടിയ താരത്തിന് ഓറഞ്ച് ക്യാപിന് 10 ലക്ഷം രൂപയും സൂപ്പര്‍ സ്ട്രൈക്കര്‍ ഓഫ് ദി സീസണായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 10 ലക്ഷം രൂപയും ടാറ്റ സിയറ കാറും കിട്ടി. 72 സിക്സറുകള്‍ പറത്തിയതിന് സൂപ്പര്‍ സിക്സസ് ഓഫ് ദി സീസണിനും എമേര്‍ജിംഗ് പ്ളേയര്‍ ഓഫ് ദി സീസണും 10 ലക്ഷം രൂപയും കിട്ടിയപ്പോള്‍ പ്രതിവര്‍ഷ റിറ്റെയ്നര് തുകയായ 1.10 കോടി രൂപയ്ക്കും ക്യാഷ് അവാര്‍ഡുകള്‍ക്കും പുറമെ, താന്‍ കളിച്ച ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായും സൂര്യവംശിക്ക് ലഭിച്ചു.
കൂടാതെ, പ്ലെയര്‍ ഓഫ് ദി മാച്ച്, മറ്റ് മാച്ച്-ഡേ പ്രകടനങ്ങള്‍ എന്നിവയിലൂടെയും ഈ കൗമാരക്കാരന് പണ സമ്മാനങ്ങള്‍ നേടി. തന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിനിടയില്‍ പലതവണ സ്വന്തമാക്കിയ 'ഇലക്ട്രിക് സ്ട്രൈക്കര്‍ ഓഫ് ദി മാച്ച്', 'മോസ്റ്റ് സിക്സസ് ഓഫ് ദി മാച്ച്' തുടങ്ങിയ വ്യക്തിഗത മാച്ച് പുരസ്കാരങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം അദ്ദേഹത്തിന് ലഭിച്ചു. എല്ലാം കുടി എടുത്താല്‍ 2.50 കോടി രൂപയ്ക്ക് മുകളില്‍ വരും.




