
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടനടി ചോദ്യം ചെയ്യില്ല. ഈ വിഷയത്തില്‍ സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമേ വീണയ്ക്ക് സമന്‍സ് അയക്കുന്ന കാര്യം പരിഗണിക്കൂ എന്ന് ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കോടതി വിധി വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണസംഘം അടുത്ത നീക്കങ്ങളിലേക്ക് കടക്കുക. വരുന്ന വെള്ളിയാഴ്ചയാണ് സിഎംആര്‍എല്ലിന്റെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. അതുവരെ കമ്പനിക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവ് കാത്തിരിക്കാന്‍ അന്വേഷണ ഏജന്‍സി തീരുമാനിച്ചത്.
സി.എം.ആര്.എല്‍.- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ഇ.ഡി. അന്വേഷണത്തിനെതിരേയുള്ള സി.എം.ആര്.എല്ലിന്റെ അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറയും വരെ സി.എം.ആര്.എല്ലിനെതിരേ നടപടി പാടില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇ.ഡിക്ക് നിര്‍ദേശം നല്കി.
അപ്പീല്‍ നല്കിയ സി.എം.ആര്.എല്‍. കമ്പനിക്ക് മാത്രമാണ് ഈ സംരക്ഷണം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെടെ കേസിലെ മറ്റു കക്ഷികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇ.ഡി. അന്വേഷണം തുടരാമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേയാണഎ സി. എം. ആര്.എല്‍. കമ്പനിയുടെ അപ്പീല്‍ നല്‍കിയത്.
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷന്‍സ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് സി.എം.ആര്.എല്‍. പ്രതിഫലം നല്‍കിയെന്നാണു കേസ്. വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നതും സി.എം.ആര്.എല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതും അടക്കമുള്ള നടപടികളുമായി ഇ.ഡി. മുന്നോട്ടു പോകും. ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയതിന് തെളിവുകളുണ്ടെന്നും വിപുലമായ മാനങ്ങളുള്ള കേസാണെന്നും ഇ.ഡി. കോടതിയില്‍ വാദിച്ചു.
കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പി.എം.എല്‍.എ) അന്വേഷണത്തിന് ഷെഡ്യൂള്‍ഡ് കുറ്റകൃത്യം വേണമെന്നിരിക്കെ എഫ്.ഐ.ആര്. പോലുമില്ലാതെ ഇ.ഡി. നടത്തുന്ന അന്വേഷണം തടയണമെന്നാണ് സി.എം.ആര്.എല്ലിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷന് സിദ്ധാര്‍ഥ് ലൂത്ര ആവശ്യപ്പെട്ടത്. അധികാരപരിധിക്കപ്പുറമുള്ള അന്വേഷണമാണ് ഇ.ഡി നടത്തുന്നതെന്നും വാദിച്ചു. എന്നാല്‍, കള്ളപ്പണമിടപാട് നടന്നുവെന്ന വിവരം ലഭിച്ചാല്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരിക്കണമെന്ന് എങ്ങിനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.
ആരോപണവമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ. അന്വേഷണം ആരംഭിച്ച ശേഷം ഇ.എസ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്താണ് ഇ.ഡി അന്വേഷണം തുടങ്ങിയതെന്നും നിയമലംഘനമില്ലെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍. സുന്ദരേശന് വിശദീകരിച്ചു. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് സഹായിച്ചതിന് പ്രതിഫലമെന്ന നിലയിലാണ സേവനം ചെയ്യാതെ തന്നെ എക്സാലോജിക് സൊല്യുഷന്‍സിന് സി.എം.ആര്.എല്‍ പണം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി. പറഞ്ഞു.






