
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രത്യേക സമിതിയെ നിയോഗിച്ചു. അന്വേഷണ റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ നൽകണമെന്നാണ് നിർദേശം. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി ഓർത്തോ വിഭാഗം മേധാവിമാർ എന്നിവരാണ് അന്വേഷണ സമിതിയിൽ ഉള്ളത്.
അധികൃതകരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗൺസിലിങ്ങ് നൽകുമെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വാർത്ത കണ്ട പ്രകാരമാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി.
പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് മെഡിക്കൽകോളജിൽ ദുരനുഭവമുണ്ടായത്. ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞമാസം 28ന് ആണ് രാജേന്ദ്ര പ്രസാദ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവിൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ പുഴുവരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്.
അഡ്മിറ്റ് ചെയ്ത ദിവസം രാത്രി 11 മണിക്കാണ് രാജേന്ദ്ര പ്രസാദിന്റെ കാലിൽ ശസ്ത്രക്രിയ നടത്തിയത്. അഞ്ച് ദിവസമായി ഐസിയുവിലായിരുന്നു. തിരികെ വാർഡിലേക്ക് എത്തിച്ചപ്പോഴാണ് ശസ്ത്രക്രിയ കഴിഞ്ഞ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടത്. കാല് മുഴുവൻ പുഴുവായിരുന്നുവെന്നും പരാതി പറഞ്ഞിട്ടും പരിശോധിച്ചില്ലെന്നും മരുമകൾ വിദ്യ മാധ്യമങ്ങളോട് പറഞ്ഞു.






