
ഡെൻവർ: ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇസ്താംബൂളിലേക്ക് പുറപ്പെടേണ്ടിയിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം ശുചിമുറി തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കി. ക്യാബിനിൽ മലിന ജലവും മലവും നിറഞ്ഞതിനെ തുടർന്നാണിത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെ ശുചിമുറിമാലിന്യം ക്യാബിനിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതേതുടർന്ന് പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കുകയും വിമാനം തിരികെ ടെർമിനൽ ഗേറ്റിലേക്ക് എത്തിക്കുകയുമായിരുന്നു.
വിമാനത്തിലെ ഒരു ബാത്ത്റൂം കാബിന്റെ തൊട്ടടുത്തുള്ള തറയിൽ ഈർപ്പവും അവിടെനിന്ന് അസഹനീയമായ ദുർഗന്ധവും പുറപ്പെടുന്നതായി യാത്രക്കാർ ആദ്യം തന്നെ പരാതിപ്പെട്ടിരുന്നു. വൈകാതെ തന്നെ ടോയ്ലറ്റ് കമ്പാർട്ടുമെന്റിൽ നിന്ന് തവിട്ടുനിറത്തിലുള്ള മലിനജലം ക്യാബിൻ തറയിലേക്ക് കുത്തിയൊഴുകാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളാവുകയും പൈലറ്റ് അടിയന്തിര നടപടി സ്വീകരിക്കുകയുമായിരുന്നു.
വിമാനം ഗേറ്റിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ എയർലൈൻ യാത്ര പൂർണ്ണമായും റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഹോട്ടലുകൾ ബുക്ക് ചെയ്യാനും പിന്നീട് പണം തിരികെ നൽകാമെന്നുമാണ് എയർലൈൻ അധികൃതർ യാത്രക്കാരോട് പറഞ്ഞത്. എന്നാൽ, തങ്ങളുടെ പങ്കാളിത്ത എയർലൈനുകളിലെ വിമാനങ്ങളിൽ യാത്രചെയ്യാനുള്ള അവസരമുണ്ടാക്കാൻ ടർക്കിഷ് എയർലൈൻസ് തയ്യാറാകാതിരുന്നത് യാത്രക്കാർക്കിടയിൽ അതൃപ്തിയുണ്ടാക്കി.
വിമാനം റദ്ദാക്കിയത് 'ദൈവത്തിന്റെ വികൃതി' മൂലമാണെന്നാണ് ഒരു ടർക്കിഷ് എയർലൈൻസ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. പ്രകൃതിദുരന്തങ്ങൾക്കോ യുദ്ധങ്ങൾക്കോ വേണ്ടി നിയമപരമായി ഉപയോഗിക്കുന്ന വാക്കാണിത്. എയർലൈൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഉത്തരവാദിത്തമില്ലായ്മയെയും ആശയവിനിമയത്തിന്റെ പൂർണ്ണമായ അഭാവത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചു. സംഭവം മൂടിവെക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് ടർക്കിഷ് എയർലൈൻസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല.






