
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലേര്‍ട്ട് ഓറഞ്ച് അലേര്‍ട്ടായി ഉയര്‍ത്തി. നേരത്തേ തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം വീണ്ടും രണ്ട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.
തിരുവനന്തപുരത്തിനും കൊല്ലത്തിനും പുറമേ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.






