
കൊല്ലം: നഗരമധ്യത്തില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി കന്യാകുമാരി തക്കല കറുങ്കല്‍ ചിറക്കാട്ടുവിളയില്‍ ബിജു (22) സൈക്കോ സീരിയല്‍ കില്ലറെന്നു പോലീസ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാള്‍ കാണുന്ന ആളുകളോടൊക്കെ പണം ചോദിക്കും. നല്കാത്തവരെ ക്രൂരമായി ആക്രമിക്കുകയും മുഖത്തിടിച്ച് നിലത്തു വീഴ്ത്തി വലിച്ചിഴയ്ക്കുകയും ചെയ്യും.
അതിനുശേഷം കൈയിലുള്ള തുണി കഴുത്തില്‍ കുരുക്കി വലിച്ചിഴച്ചു കൊണ്ടുപോയി മരക്കുറ്റിയിലോ മറ്റോ കെട്ടിയിടും. തുടര്‍ന്ന് മരണം ഉറപ്പുവരുത്താന്‍ മുഖം നോക്കി ആഞ്ഞിടിക്കുകയും രക്തം കണ്ട് സന്തോഷിക്കുകയും ചെയ്യന്നതാണു രീതി. നഗരത്തിലെ കാര്‍ സര്‍വീസ് സെന്ററിനു സമീപം കഴിഞ്ഞയാഴ്ച വയോധികനായ രാജേന്ദ്രനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ബിജു പിടിയിലായത്. ലഹരിക്ക് അടിമയായ ഇയാള്‍ ഓരോ ദിവസവും ഓരോ സ്ഥലത്തായിരിക്കുമെന്നാണു കണ്ടെത്തല്‍. മോഷ്ടിച്ച പണമുപയോഗിച്ച് നന്നായി ആഹാരം കഴിക്കുന്ന ഇയാള്‍ക്ക് നല്ല ആരോഗ്യമുണ്ട്. അടുത്തിടെ തമിഴ്നാട്ടിലെ തക്കലയില്‍ വയോധികനെ മുഖത്തിടിച്ച ശേഷം വയറ്റില്‍ കുത്തി കൊലപ്പെടുത്തിയിരുന്നു.
കടത്തിണ്ണയിലിരുന്ന് ഇയാള്‍ കഞ്ചാവ് വലിക്കുമ്പോള്‍ സമീപമിരുന്ന വയോധികന് പുകശല്യത്തെ ചോദ്യം ചെയ്തതാണു കാരണം. തക്കലയിലടക്കം നിരവധി കൊലപാതകക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പരോളിലിറങ്ങിയാലും വീണ്ടും കൊല നടത്തുന്നതാണു രീതി. അപൂര്‍വമായി മാത്രം മൊബൈല്‍ ഉപയോഗിക്കുന്നത് പ്രതിയെ പിടികൂടുന്നതില്‍ പോലീസിനു വെല്ലുവിളിയാണ്. എവിയെങ്കിലും വച്ച് ഫോണ്‍ ഓണാക്കിയാലും ആവശ്യം കഴിഞ്ഞാലുടന്‍ ഓഫാക്കും. പിന്നീട് കുറ്റകൃത്യം നടത്തി കിട്ടുന്ന പണം കൊണ്ട് മറ്റു സ്ഥലങ്ങളിലേക്കു പോകും. സി.സി ടിവി ദൃശ്യങ്ങളാണു പ്രതിയിലേക്കു വേഗമെത്താന്‍ പോലീസിനെ സഹായിച്ചത്.
കൊല്ലത്ത് വയോധികന്റെ മൃതദേഹം കണ്ടപ്പോള്‍തന്നെ പ്രതി ആരോഗ്യമുള്ളയാളായിരിക്കുമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. പിടിയിലായ ആളുടെ കൊലപാതക രീതികളോടു സാമ്യമുള്ളതായിരുന്നു കൊലപാതകം. തോര്‍ത്ത് കഴുത്തില്‍ ചുറ്റി മൃതദേഹം സമീപത്തെ ഷട്ടറിന്റെ കൊളുത്തില്‍ കെട്ടിയിരുന്നു. സ്പെഷല്‍ ബ്രാഞ്ച് എ.സി.പി. ജോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.






